SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

കായികമേളയെത്തി പക്ഷെ, കളിക്കളമായില്ല

ആലപ്പുഴ: റവന്യുകായികമേളയ്ക്ക് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, കളിക്കളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ.

ഇത്തവണ മാവേലിക്കര സബ് ജില്ലയ്‌ക്കാണ് കായികമേളയുടെ ചുമതല. ഒക്ടോബർ 10,11 തീയതികളിലാണ് മത്സരങ്ങൾ. ഗെയിംസ് മത്സരങ്ങൾ അതിന് മുമ്പേ നടക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മൈതാനങ്ങൾ അന്വേഷിച്ചെങ്കിലും പലതും മത്സരം നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ്. നിലവിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടാണ് അത്‌ലറ്റിക് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിൽ ഒരിടത്തും 400 മീറ്റർ ഗ്രൗണ്ടില്ലാത്തതാണ് പ്രതിസന്ധി. പ്രീതികുളങ്ങര ഗ്രൗണ്ടിന് മൂന്ന് ട്രാക്ക് മാത്രമേയുള്ളു. കഴിഞ്ഞ വർഷം മഴകാരണം ഗ്രൗണ്ടുകൾ ചെളിക്കുഴിയായതോടെ പല മത്സരങ്ങളും ഒന്നിച്ചുവരികയും പലർക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ജില്ലയിലെ പ്രധാന കളിക്കളമായ ഇ.എം.എസ് സ്റ്രേഡിയം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കായികമേള പോയിട്ട് ഒരു കബഡി മത്സരം പോലും ഇവിടെ നടത്താൻ കഴിയാത്ത സ്ഥിതിയാണ്.

മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിൽ ആലപ്പുഴിയിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് 2010ൽ ആന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ്. 16 വർഷം പിന്നിടുമ്പോഴും ഇന്നുവരെ ഒരു ഓട്ടമത്സരം പോലും സ്റ്റേഡിയത്തിൽ നടന്നിട്ടില്ല. സ്റ്റേഡിയത്തിന്റെ നിർമ്മാണം 2023ൽ പൂർത്തിയാക്കുമെന്ന് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനവും പാഴായി. ട്രാക്ക് ഇല്ലാത്തതിനാൽ ഇ.എം.എസ് സ്റ്റേഡിയവും ഉപയോഗിക്കാനാവില്ല.

400 മീറ്റർ ഗ്രൗണ്ടില്ലാത്തത് വെല്ലുവിളി

1. കായികതാരങ്ങൾക്ക് പരിശീലനം നൽകാനുതകുന്ന ഒരുനല്ല മൈതാനും പോലും ജില്ലയിലില്ല. പിന്നെ ആകെയുള്ളത് പ്രീതികുളങ്ങരയിലെ ഗ്രൗണ്ടാണ്. എന്നാൽ,​ ഇവിടത്തെ ട്രാക്ക് ചെറുതാണെന്ന ആക്ഷേപം ശക്തമാണ്

2.ഒരുമാസം മുമ്പ് അറിയിച്ചാൽ പോലും ജില്ലയിൽ കായികമേളയ്ക്ക് മൈതാനം കണ്ടെത്തുക പ്രയാസമാണ്. കഴിവുള്ള ധാരാളം വിദ്യാർത്ഥികളുണ്ട്. എന്നാൽ,​ അവരെ പരിശീലനം നൽകി കായിക താരങ്ങളാക്കാൻ ഗ്രൗണ്ടില്ലാത്തത് വെല്ലുവിളിയാണ്

3.കായിക മേളകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉൾപ്പടെ എത്തിച്ചാണ് ഇപ്പോൾ

ട്രാക്ക് പരിശീലനം നൽകിവരുന്നത്

4. കഴിഞ്ഞ ജില്ലാകായിക മേള വലിയ പരാധീനതയിലും പരാതിയിലുമാണ് അവസാനിച്ചത്. പ്രധാന കാരണം ഗ്രൗണ്ടുകളുടെ അപര്യാപ്തതയാണ്. മഴവെള്ളം കാരണം പല ഗ്രൗണ്ടുകളും ചെളിക്കുണ്ടായി. മത്സരങ്ങൾ മാറ്റി വയ്ക്കേണ്ടിവന്നു

5. മത്സരങ്ങൾ പലതും ഒരുമിച്ച് വന്നതോടെ,​ പ്രഗത്ഭരായ പല വിദ്യാർത്ഥികൾക്കും പങ്കെടുക്കാനായില്ല. ഒരുമത്സരം അരൂരാണെങ്കിൽ അടുത്ത മത്സരം കായംകുളത്താണ് നടന്നത്. ഇത്തരത്തിൽ ജില്ലയുടെ രണ്ട് അറ്റവും ഓടിയെത്താൻ അവർക്ക് സാധിച്ചില്ല

ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ട്രാക്ക് നിർമ്മാണത്തിന് ആരും കരാർ ഏറ്റെടുക്കുന്നില്ല. സ്റ്രേഡിയങ്ങൾക്കുപകരം നല്ല കളിക്കളങ്ങൾ നി‌ർമ്മിക്കണം. തരിശ് ഭൂമികൾ കണ്ടെത്തി കുട്ടികൾക്ക് പരിശീലിക്കാനും മത്സരിക്കാനുമുള്ള സൗകര്യം ഒരുക്കണം

-വി.ജി. വിഷ്ണു, പ്രസിഡന്റ്

ജില്ലാ സ്പോർട്സ് കൗൺസിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL