കണ്ണൂർ: ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കാനിരിക്കെ ലോട്ടറിയുടെ ചരിത്രം തേടുകയാണ് ആലക്കോട് സ്വദേശി നോബി കുര്യാലപ്പുഴ. കർഷകൻ കൂടിയായ ഈ അമ്പതുകാരന് ലോട്ടറി ഭാഗ്യപരീക്ഷണമല്ല, സമ്മാനം കിട്ടാനായി ലോട്ടറിയെടുക്കാറുമില്ല.
1971 മുതൽ ഇന്നുവരെയുള്ള കേരള ലോട്ടറിയുടെ ഓരോ ഘട്ടത്തിന്റെയും സാക്ഷ്യപത്രങ്ങളാണ് നോബിയുടെ കൈയിലുള്ള നാലായിരത്തിലധികം ടിക്കറ്റുകൾ. ഇതിൽ ഒരു ടിക്കറ്റുപോലും സ്വയം എടുത്തതല്ല, പലരിൽ നിന്നായി വർഷങ്ങളെടുത്ത് ശേഖരിച്ചതാണ്. 1971ലെ ലോട്ടറി അന്നത്തെ ഓണം ബമ്പറാണ്. ഒരു രൂപയ്ക്ക് ഏഴ് ലക്ഷമായിരുന്നു സമ്മാനത്തുക.
1967 സെപ്തംബർ ഒന്നിനാണ് ലോട്ടറി തുടങ്ങിയത്. ആദ്യ നറുക്കെടുപ്പ് 68 ജനുവരി 26ന്. വില ഒരു രൂപ. സമ്മാനത്തുക അര ലക്ഷം രൂപ. 70ൽ പുറത്തിറങ്ങിയ 'ലോട്ടറി ടിക്കറ്റ്' എന്ന സിനിമയിലെ ഒരു രൂപ നോട്ട് കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും എന്ന പാട്ട് ലോട്ടറിയെ പ്രശസ്തമാക്കി.
ആദ്യകാല ലോട്ടറി ടിക്കറ്റിന്റെ വലുപ്പം 12 ഇഞ്ചായിരുന്നു. ഇപ്പോൾ 20 ഇഞ്ച് 8 സെന്റീമീറ്റർ വലുപ്പമുണ്ട്. ലോട്ടറി ആരംഭിച്ച ധനകാര്യ മന്ത്രി പി.കെ. കുഞ്ഞിന്റെ ചിത്രം ആലേഖനം ചെയ്ത 86ലെ ടിക്കറ്റും ശേഖരത്തിലുണ്ട്. 1986 ഒക്ടോബർ 20നായിരുന്നു ആ ടിക്കറ്റിന്റെ നറുക്കെടുപ്പ്. സമ്മാനത്തുക ഏഴു ലക്ഷം. 2000 മുതലാണ് ലക്ഷങ്ങൾ മാറി കോടികൾ ലോട്ടറിയിൽ ഇടംപിടിക്കുന്നത്. രണ്ടു രൂപയ്ക്ക് രണ്ട് ലോട്ടറി ടിക്കറ്റ് കിട്ടുന്ന ഇരട്ട ലോട്ടറിയും നോബിയുടെ ശേഖരത്തിലുണ്ട്. ഒരു രൂപ നൽകിയാൽ പത്ത് ലക്ഷം സമ്മാനത്തുകയിൽ നിന്ന് അഞ്ച് ലക്ഷം ലഭിക്കുന്ന രീതിയായിരുന്നു ഇത്.
നെസി സ്കറിയ ഭാര്യയാണ്. ക്രിസ്റ്റൽ ,നെൽബിൻ എന്നിവർ മക്കളാണ്.
മന്ത്രി പി.കെ. കുഞ്ഞ് തുടങ്ങിവെച്ച ലോട്ടറി
ഇ.എം.എസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി.കെ കുഞ്ഞ് 1967 ജൂൺ 28ന് അവതരിപ്പിച്ച ബഡ്ജറ്റിലാണ് സംസ്ഥാനത്തിന് സ്വന്തമായി ലോട്ടറി എന്ന ആശയം അവതരിപ്പിക്കുന്നത്. വിദ്യാലയങ്ങൾ പണിയുക, സാമൂഹിക സംഘടനകൾക്ക് ഗ്രാന്റ് നൽകുക, ആതുരശുശ്രൂഷയ്ക്ക് പണം വിനിയോഗിക്കുക തുടങ്ങിയവയായിരുന്നു ലോട്ടറിയിലൂടെ ലക്ഷ്യമിട്ടത്. അക്കാലത്ത് വർഷം 70 മുതൽ 80 ലക്ഷം വരെ വരുമാനമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ഇന്ന് കോടിക്കണക്കിന് രൂപയുടെ വരുമാനമുറപ്പാക്കുന്നു. 50,000 രൂപയിൽ തുടങ്ങിയ ലോട്ടറിയുടെ സമ്മാനത്തുകയാണ് ഇന്ന് 30 കോടിയിലെത്തി നിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |