SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.11 PM IST

നായ്ക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു സൂക്ഷിക്കാം പൊന്നോമനകളേ...

1

വിഴിഞ്ഞം: അജ്ഞാതരോഗം ബാധിച്ച് കോവളം ബീച്ചിലും പരിസരത്തും തമ്പടിച്ചിരുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്തുവീഴുന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. കനൈൻ ഡിസ്റ്റംബർ (സി.ഡി) എന്ന രോഗത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ശേഷമാണ് പല നായ്ക്കളും ചാകുന്നത്. എന്നാൽ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇരുപതോളം തെരുവുനായ്ക്കളുടെ മൃതശരീരങ്ങളാണ് ബീച്ചിലും പരിസരത്തുമായി കണ്ടെത്തിയത്. കനൈൻ ഡിസ്റ്റംബർ ആണെന്ന സംശയം ഉയർന്നതോടെ വീടുകളിൽ നായ്ക്കളെ വളർത്തുന്നവരും ആശങ്കയിലാണ്.

ശ്വാസതടസത്തോടെയുള്ള വിറയലാണ് ചത്ത നായ്ക്കളിൽ ആദ്യം പ്രകടമായത്. ഇതാണ് സംശയം വർദ്ധിക്കാൻ കാരണം. 200ലേറെ നായ്ക്കളാണ് സഞ്ചാരികൾക്ക് ഭീഷണിയായി ബീച്ചിലും പരിസരത്തും തമ്പടിച്ചിരിക്കുന്നത്. ഇവയ്ക്കിടയിൽ രോഗം പടർന്നുപിടിക്കുന്നത് വായുവിലൂടെയാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.

കനൈൻ ഡിസ്റ്റംബറാണെങ്കിൽ വളരെ വേഗം അസുഖം പടരുകയും വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ നായ്ക്കൾ ചത്തൊടുങ്ങുകയും ചെയ്യും. ഇത് പുറത്ത് അഴിച്ചുവിട്ട് വളർത്തുന്ന നായ്ക്കൾക്കാണ് കൂടുതൽ ഭീഷണി. നായ്ക്കളിൽ നിന്ന് പൂച്ചകൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും അസുഖം പകരാം. എന്നാൽ മനുഷ്യരിലേക്ക് ഇത് പകരില്ല

കനൈൻ ഡിസ്റ്റംബർ ലക്ഷണങ്ങൾ

കടുത്ത പനി

വയറിളക്കം

വിശപ്പിലായ്മ

കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ

വിറയൽ, ഛർദ്ദി

ശ്വാസതടസം

കാരണം അശാസ്ത്രീയമായ വന്ധ്യംകരണം?

അശാസ്ത്രീയമായ വന്ധ്യംകരണമാണ് ഇത്രയധികം നായ്ക്കൾക്ക് അസുഖം ബാധിക്കാൻ കാരണമെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. അസുഖമുള്ളവയേയും ഇല്ലാത്തവയേയും ഒരു കൂട്ടിൽ പാർപ്പിക്കുന്നത് രോഗം പകരാൻ കാരണമാകുന്നു. മൃഗാശുപത്രികളിലും യാതൊരുവിധ മുൻകരുതലുമില്ല അവിടെ എത്തുന്ന അസുഖ ബാധിതരായ നായ്ക്കളിൽ നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരുന്നു. ഡിസ്റ്റംബറിന് പുറമേ കെന്നൽ കഫ് കൂടി പടരുന്നതായും ഡോക്ടർമാർ പറയുന്നു.

വേണ്ടത് വാക്സിനേഷൻ

പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പുപോലെ നായ്ക്കൾക്ക് പ്രധാനമാണ് പാർവോ, ഡിസ്റ്റംബർ എന്നീ രോഗങ്ങൾ വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പും. എല്ലാ വെറ്ററിനറി ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. എല്ലാ വർഷവും ഇത് മുടങ്ങാതെ നൽകുക എന്നതാണ് നായ്ക്കളുടെ സംരക്ഷണത്തിനുള്ള പ്രധാനമാർഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL