SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

തിരഞ്ഞെടുപ്പ് തീ പിടിപ്പിച്ച്... വ്യക്തിഹത്യകളും വ്യാജങ്ങളും

social-media

തൃശൂർ: തിരഞ്ഞെടുപ്പിൽ സാമൂഹിക മാദ്ധ്യമങ്ങൾ പ്രചാരണായുധമാകുമ്പോൾ സ്ഥാനാർത്ഥികൾക്കെതിരെ വ്യക്തിഹത്യയുമായി സൈബർ അണികൾ. വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രചാരണങ്ങൾ നടത്തരുതെന്ന തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചാണ് ഈ നീക്കം. കയ്പമംഗലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.വത്സരാജിനെതിരെ നുണപ്രചാരണങ്ങൾ നടത്തുന്നതായി ഇടതുനേതാക്കൾ ആരോപിക്കുന്നു. യൗവനത്തിലേ സി.പി.ഐയുടെ ബ്രാഞ്ച്, യൂണിറ്റ് തലം മുതൽ പ്രവർത്തിച്ചാണ് വത്സരാജ് , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വരെയെത്തിയത്.
വത്സരാജിന്റെ അച്ഛൻ സർക്കാർ സർവീസിൽ വില്ലേജ്മാൻ ആയിരുന്നുവെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിന് നിയന്ത്രണമുണ്ടായിരുന്നതിനാൽ സിലോണിലേക്ക് പോയി. ബ്രീട്ടീഷ് സർക്കാർ കമ്മ്യൂണിസ്റ്റ് പ്രവർത്തനം ആരോപിച്ച് ജയിലിലടച്ചെങ്കിലും പിന്നീട് മരണം വരെ നേതൃനിരയിലുണ്ടായിരുന്നു. എടവിലങ്ങ് അടക്കം കുടുംബവേരുകളുള്ള വത്സരാജിന്റെ സ്വദേശവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐ മോണിംഗ് വാക്ക് നടത്തിയിരുന്നു.

ചെളിവാരിയെറിഞ്ഞ്...

സാമൂഹ്യമാദ്ധ്യമങ്ങളിൽ പരസ്പരം ചെളിവാരിയെറിയുന്നതും കൂടി. റീലുകളും ട്രോളുകളും നിറയ്ക്കാൻ മുന്നണികൾക്ക് പ്രൊഫഷണൽ ടീമുകളുണ്ട്. ട്രോളുകൾ പലപ്പോഴും വ്യക്തിഹത്യയിലേക്കും വ്യാജപ്രചാരണത്തിലേയ്ക്കും വഴിമാറുന്നു. തിരഞ്ഞെടുപ്പിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്ന് അത്തരം വിവരങ്ങൾ ഉടൻ നീക്കം ചെയ്യുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി. പക്ഷേ, വ്യാജപ്രചാരണങ്ങൾ കൂടുമ്പോഴും പരാതികൾ ലഭിക്കുന്നില്ലെന്നാണ് വിവരം.

സമയമില്ല, ഓട്ടപ്പാച്ചിലിൽ മുന്നണികൾ

പതിവുപ്രചാരണ സമയം കിട്ടാത്തതിന്റെ അങ്കലാപ്പ് മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കുമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് സ്ഥാനാർത്ഥികൾ പലരും കളത്തിലിറങ്ങിയത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. ഇനി പ്രചാരണത്തിന് ഒരാഴ്ച പോലുമില്ല. സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണത്തിലാണ്. അർദ്ധരാത്രി കഴിഞ്ഞാണ് വീടുകളിലെത്തുന്നത്. അതിരാവിലെ പ്രചാരണം തുടങ്ങുന്നുമുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ മൂന്ന് തവണ വരെ ഓടിയെത്താറുണ്ടെങ്കിലും ഇക്കുറി ചുരുക്കി. പൊതുയോഗങ്ങളും റാലികളും ഇനിയും ബാക്കിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL