കയ്പമംഗലം: ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക് മീറ്റിലെ 4ഃ400 റിലേ മത്സരത്തിൽ വെങ്കല മെഡൽ നേടിയ മുഹമ്മദ് അഷ്ഫാക്കിന് സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ.വത്സരാജ് എം.എൽ.എ സർക്കാരിന് ശുപാർശ നൽകി. ഇന്ത്യൻ താരങ്ങൾ വെങ്കല മെഡൽ കരസ്ഥമാക്കി വിജയം നേടിയതിന് പിറകെ ടീമംഗങ്ങൾക്ക് അതാത് സംസ്ഥാനങ്ങളിൽ ഒമ്പതുലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ കയ്പമംഗലം നിയോജകമണ്ഡലത്തിലെ പെരിഞ്ഞനം പഞ്ചായത്തിലെ ചക്കരപ്പാടം എന്ന ഗ്രാമത്തിൽ താമസിക്കുന്ന മഠത്തിപ്പറമ്പിൽ അഷറഫിന്റെയും ജെസിയുടെയും മകനായ മുഹമ്മദ് അഷ്ഫാക്കിന് ഇതുവരെ സംസ്ഥാന സർക്കാർ സമ്മാനം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വത്സരാജ് എം.എൽ.എ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളത്. മികച്ച താരങ്ങൾക്ക് ഉയർന്ന പ്രോത്സാഹനം നൽകുന്ന നമ്മുടെ സംസ്ഥാനം അഷ്ഫാക്കിന് ഉയർന്ന സമ്മാനത്തുക പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ഒ.ജെ.ജെനീഷിന് നൽകിയിട്ടുള്ള ശുപാർശയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളേക്കാൾ ഉയർന്ന സമ്മാനത്തുക പ്രഖ്യാപിക്കണമെന്നും കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |