മാള: ചരിത്രപ്രസിദ്ധമായ മാള സിനഗോഗിന്റെ തകർന്ന മേൽക്കൂര പുനഃസ്ഥാപിക്കുന്നതിൽ അധികൃതരുടെ അനാസ്ഥ തുടരുന്നു. മേൽക്കൂര തകർന്നിട്ട് ഒരു വർഷം തികഞ്ഞിട്ടും നിർമ്മാണം തുടങ്ങിയിട്ടില്ല. കഴിഞ്ഞ മാർച്ച് 14ന് പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം വിപുലമായി നടന്നിരുന്നു. മൂന്നുമാസം പിന്നിട്ടിട്ടും അതേ നിലയിൽ തന്നെ.
മാർച്ച് അഞ്ചിന് നൽകിയ വർക്ക് ഓർഡർ പ്രകാരം എട്ടുമാസത്തിനകം പൂർത്തീകരിക്കണമെന്ന് നിബന്ധന. ഇപ്പോഴത്തെ സാഹചര്യത്തിൽ പൂർത്തീകരിക്കുമോയെന്ന് ഉറപ്പില്ല. സിനഗോഗിന് ചുറ്റും ഗ്രീൻനെറ്റ് സ്ഥാപിച്ച് കാഴ്ച മറച്ച് 'വർക്ക് ഇൻ പ്രോഗ്രസ്' ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്രൊന്നും നടന്നില്ലെന്നാണ് ആക്ഷേപം.
തകർന്ന മേൽക്കൂരയ്ക്ക് മുകളിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ട്. മേൽക്കൂര തകർന്നതിന് പിന്നാലെ ബെന്നി ബഹനാൻ എം.പി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, അന്നത്തെ റവന്യൂ മന്ത്രി കെ. രാജൻ എന്നിവരെത്തി അടിയന്തര നിർമ്മാണം ഉറപ്പുനൽകിയിരുന്നു. കാലവർഷം കഴിഞ്ഞ് ഈർപ്പം മാറിയാൽ പുനഃസ്ഥാപനപ്രവൃത്തികൾ ആരംഭിക്കുമെന്നായിരുന്നു മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ് അധികൃതരുടെ വിശദീകരണം.
കാലവർഷം വീണ്ടും എത്തിയിട്ടും പണി തുടങ്ങിയിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സിൽക്ക്) നിർമ്മാണച്ചുമതല. അറ്റകുറ്റപ്പണിയുടെ സാങ്കേതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് പുരോഗമിക്കുന്നതെന്നാണ് ഇവരുടെ വിശദീകരണം. സാങ്കേതികാനുമതിക്ക് ശേഷമേ ടെൻഡർ നടപടികളിലേക്ക് കടക്കൂ.
മറുപടിയില്ലാതെ മുസിരിസ്
സിനഗോഗിന്റെ മേൽക്കൂര നിർമ്മാണം വൈകുന്നതിൽ മുസിരിസ് പ്രൊജ്ക്ട് ഓഫീസിൽ നിന്നും വ്യക്തമായ മറുപടി കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തുന്ന ജൂതർ ഉൾപ്പെടെയുള്ളവർ പൈതൃക സ്മാരകം കാണാനാകാതെ നിരാശരായാണ് ഇപ്പോൾ മടങ്ങുന്നത്. മഴ ശക്തമായാൽ അവസ്ഥ കൂടുതൽ വഷളാകുമെന്നാണ് ആശങ്ക. നാട്ടുകാരൻ കൂടിയായ ടൂറിസം മന്ത്രി ഒ.ജെ. ജനീഷ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |