SignIn
Kerala Kaumudi Online
Sunday, 28 June 2026 2.17 AM IST

കോഴിത്തീറ്റയ്ക്ക് വില ഉയരുന്നു; നെഞ്ചിടിപ്പോടെ കർഷകർ, ഫാമുകളിൽ 'പൂട്ടു വീഴുന്നു'!'

തൃശൂർ: സംസ്ഥാനത്ത് കോഴിത്തീറ്റ വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവ് കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ കർഷകരുടെ നെഞ്ചിടിപ്പേറ്റി കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 400 രൂപയോളമാണ് വർദ്ധിച്ചത്. കോഴിത്തീറ്റയിലെ പ്രധാന ചേരുവകളായ ചോളം, സോയാബീൻ, മറ്റ് ധാന്യങ്ങൾ എന്നിവയ്ക്കുണ്ടായ വിലക്കയറ്റമാണ് വില ഉയരാൻ പ്രധാന കാരണം. ഒപ്പം ഇറക്കുമതിച്ചെലവും ഗതാഗതച്ചെലവും വർദ്ധിച്ചതും തിരിച്ചടിയായി. ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നതോടെ ലാഭമില്ലാതായ പല ഫാമുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നിലവിൽ ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കാൻ മാത്രം 116 രൂപ മുതൽ 120 രൂപ വരെ കർഷകർക്ക് ചെലവ് . കോഴിവളർത്തലിൽ 60-70 ശതമാനം പണവും തീറ്റയ്ക്കാണ് നീക്കിവയ്ക്കുന്നത്. 40ലേറെ ദിവസം വളർത്തി വിൽപനയ്‌ക്കെത്തിക്കുന്നതിനിടെ കോഴികൾ ചത്തുപോകുന്നതും തെരുവുനായ്ക്കളുടെ ആക്രമണവും കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കുഞ്ഞിന്റെ വില, ഉയർന്ന വൈദ്യുതി നിരക്ക്, മരുന്നുകൾ, തൊഴിലാളികളുടെ വേതനം, അറക്കപ്പൊടി എന്നിവയ്ക്കുണ്ടായ വിലവർദ്ധനവും കർഷകർക്ക് ഇരട്ടപ്രഹരമാണ്.

തീറ്റവിലയിലെ ഉയർച്ച- കഴിഞ്ഞ വ‌‌ർഷം-ഈ വ‌ർഷം

പ്രീസ്റ്റാർട്ടർ തീറ്റ----1890-1900----2290-2300
സ്റ്റാർട്ടർ തീറ്റ----1830-1850----2230-2250
ഫിനിഷർ തീറ്റ----1815---2215

തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് 35 മുതൽ 65 രൂപ വരെയാണ് വില.


തീറ്റയാവശ്യം

ഒരു കിലോഗ്രാം തൂക്കമുള്ള കോഴിയെ വളർത്താൻ രണ്ടു കിലോഗ്രാമോളം തീറ്റ ആവശ്യമാണ്. 40 ദിവസം പ്രായമാകുമ്പോൾ ഉത്പാദനച്ചെലവ് 116 രൂപയാകുമെങ്കിലും വിൽക്കുമ്പോൾ കർഷകന് ലഭിക്കുന്നത് ഇതേ തുക മാത്രമാണ്. ലാഭമില്ലാതായതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകർ വലയുകയാണ്.


സർക്കാർ അടിയന്തരമായി ഇടപെട്ട് സബ്‌സിഡിയോ മറ്റ് സഹായങ്ങളോ അനുവദിക്കണം. അല്ലെങ്കിൽ കോഴി വളർത്തൽ തന്നെ അവസാനിപ്പിക്കേണ്ടിവരും.
അനിൽ
കോഴി ഫാം ഉടമ, കൊടുങ്ങല്ലൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL