SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.53 PM IST

കൈവിട്ട് താറാവുമുട്ട വില

photo

കൊടുങ്ങല്ലൂർ: വിപണിയിൽ താറാവുമുട്ട വില റെക്കോർഡിലേക്ക് കുതിക്കുന്നു. ഒരു മാസത്തിനിടെ മാത്രം നാല് രൂപയുടെ വർദ്ധനവാണ് താറാവുമുട്ടയ്ക്ക് ഉണ്ടായിരിക്കുന്നത്. ആറ് മാസം മുൻപ് വരെ 11 രൂപയായിരുന്ന നാടൻ താറാവുമുട്ടയുടെ വില ഇപ്പോൾ 17 രൂപയിലെത്തി. ഉൽപ്പാദനത്തിലുണ്ടായ കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കേരളത്തിലെ വിപണിയിലെ ഈ കുറവ് മുതലെടുത്ത് തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ താറാവുമുട്ടകൾ വിപണിയിലേക്ക് എത്തുന്നുണ്ട്. ഇവയ്ക്ക് 15 രൂപയാണ് ചില്ലറ വിലയെങ്കിലും ഗുണനിലവാരമില്ലായ്മ ഉപഭോക്താക്കളെ വലയ്ക്കുകയാണ്. കാഴ്ചയിൽ കേടുപാടുകൾ തോന്നില്ലെങ്കിലും, വാങ്ങുന്നവയിൽ ഭൂരിഭാഗവും ചീഞ്ഞ നിലയിലാണെന്ന് പരാതിയുണ്ട്.

തൂക്കവും കുറഞ്ഞു

മുൻപ് കിഴക്കൻ മേഖലകളിലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിന്ന് താറാവുകൾക്ക് യഥേഷ്ടം തീറ്റ ലഭിച്ചിരുന്നു. അന്ന് 68-70 ഗ്രാം തൂക്കമുണ്ടായിരുന്ന മുട്ടകൾക്ക് ഇപ്പോൾ കേവലം 48-50 ഗ്രാം മാത്രമാണ് തൂക്കം.

കോഴിമുട്ട വിലയും മുകളിലേക്ക്

താറാവുമുട്ടയ്ക്ക് പിന്നാലെ നാടൻ കോഴിമുട്ടയുടെ വിലയും കുതിക്കുകയാണ്. നിലവിൽ 11 രൂപയാണ് നാടൻ കോഴിമുട്ടയുടെ വില. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണ കോഴിമുട്ടയ്ക്ക് പോലും എട്ട് രൂപ നൽകണം. മുട്ടവില ഉയർന്നതോടെ ഹോട്ടലുകളിൽ ഓംലറ്റ് ഉൾപ്പെടെയുള്ള മുട്ട വിഭവങ്ങൾക്കും വില കൂട്ടിയിട്ടുണ്ട്.


പ്രതിസന്ധിയിലായി കർഷകർ

തീറ്റവിലയിലുണ്ടായ അമിത വർദ്ധനവും പാടശേഖരങ്ങളിൽ നിന്ന് സ്വാഭാവിക തീറ്റ ലഭിക്കാതെ വന്നതോടെയും കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വലിയ തുക നൽകി കൃത്രിമ തീറ്റ വാങ്ങി താറാവുകളെ വളർത്തുന്നത് ലാഭകരമല്ലെന്നും, അതിനാൽ കൃഷി അവസാനിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു.


തീറ്റവില ക്രമാതീതമായി ഉയർന്നതും പാടശേഖരങ്ങളിൽ നിന്ന് സ്വാഭാവിക തീറ്റ ലഭിക്കാതെ വന്നതും കനത്ത തിരിച്ചടിയാണ്. വിലകൊടുത്ത് തീറ്റ വാങ്ങി താറാവുകളെ വളർത്തുന്നത് ഇനി ലാഭകരമല്ല.
ഹരിഹരൻ (താറാവ് കർഷകൻ)

മുൻപ് താറാവുമുട്ട വില- 11
നിലവിൽ താറാവുമുട്ട വില- 17
തമിഴ്‌നാട് താറാവുമുട്ട- 15
നാടൻ കോഴിമുട്ട- 11
അന്യസംസ്ഥാന കോഴിമുട്ട- 8


താറാവുമുട്ട തൂക്കം മുൻപ് -68 ഗ്രാം 70 ഗ്രാം
നിലവിൽ തൂക്കം : 48 ഗ്രാം- 50 ഗ്രാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL