എറവ്: 21 വർഷമായി ഉത്രാട ദിനത്തിൽ നാടിന് മുഴുവൻ സൗജന്യമായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി മാതൃകയാകുകയാണ് എറവ് അഞ്ചാംകല്ലിലെ ശ്രേയസ് ഹോട്ടൽ ഉടമ രമേഷ്. ഇവിടെയെത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെങ്കിലും രമേഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എത്തുന്നവർ ഓരോ ഊണിനും പകരം നാലോ അഞ്ചോ ഊണിന്റെ തുക അവിടെ വെച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിച്ചാണ് മടങ്ങുന്നത്.
പണം വാങ്ങാൻ കാഷ്യറോ നിർബന്ധങ്ങളോ ഒന്നുമില്ല. എത്തുന്നവർക്ക് മനസ് അറിഞ്ഞ് എത്ര തുക വേണമെങ്കിലും പണപ്പെട്ടിയിൽ നിക്ഷേപിക്കാം. അന്നേദിവസം ഇത്തരത്തിൽ സമാഹരിക്കുന്ന തുക മുഴുവൻ നാട്ടിലെ പാവപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ചികിത്സയ്‌ക്കോ മറ്റ് സഹായങ്ങൾക്കോ വേണ്ടിയാണ് രമേഷ് ഉപയോഗിക്കുന്നത്. ചോറും 11 തരം കറികളും പായസവും അടക്കം സമൃദ്ധമായ സദ്യ കഴിക്കാൻ ഒട്ടനവധി പേരാണ് ഉത്രാടനാളിൽ ശ്രേയസ് ഹോട്ടലിലേക്ക് ഒഴുകിയെത്തുന്നത്. രമേഷിന്റെ ഈ സേവന സംരംഭത്തിന് പിന്തുണയുമായി പ്രദേശത്തെ വ്യാപാരികളും സുഹൃത്തുക്കളും ജനപ്രതിനിധികളും സഹായത്തിനെത്താറുണ്ട്. മുൻ മന്ത്രിയും എം.എൽ.എയുമായ സി. രവീന്ദ്രനാഥ് രാവിലെ തന്നെ ഹോട്ടലിലെത്തി പാചകപ്പുരയിൽ സഹായിയായി പങ്കുചേർന്നു. മൂന്ന് പതിറ്റാണ്ട് മുൻപാണ് രമേഷ് ശ്രേയസ് ഹോട്ടലിന്റെ ചുമതല ഏറ്റെടുക്കുന്നത്. 21 വർഷം മുൻപ് ഉത്രാട ദിനത്തിൽ സുഹൃത്തുക്കൾക്കും നാട്ടിലെ സാധുക്കൾക്കും സൗജന്യമായി സദ്യ നൽകിക്കൊണ്ടാണ് ഈ ജീവകാരുണ്യ യാത്രയ്ക്ക് തുടക്കമിട്ടത്. ഇത്തവണത്തെ സദ്യയിലൂടെ സമാഹരിച്ച 46,000 രൂപ ഇരു കാലുകളും തകർന്ന് പ്രയാസത്തിലായ വെളുത്തൂർ സ്വദേശി ജയന് കൈമാറി. ഉത്രാട സദ്യ കഴിക്കുന്നതിനൊപ്പം ഒരു വലിയ നന്മയിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് നാട്ടുകാരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |