വടക്കാഞ്ചേരി : ഗ്രാമീണ കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ കളിസ്ഥലത്ത് കാറുകളുടെ സാഹസിക പ്രകടനം. ഉയർന്ന കരുത്തുള്ള റിയർവീൽ ഡ്രൈവ് (ആർ. ഡബ്ല്യു. ഡി) കാറുകളിലാണ് റൈഡ് ഡ്രിഫ്ടിംഗ് അടക്കം നടക്കുന്നത്. നവീകരണം പൂർത്തിയാക്കികഴിഞ്ഞ ഫെബ്രുവരി 21 ന് മുൻ കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത കളിസ്ഥലത്താണ് ഗ്രൗണ്ടിനെ തകർക്കുന്ന പ്രകടനം നടക്കുന്നത്. വി.ഐ.പി ലാൻഡിംഗിനായി നിർമ്മിച്ചിരുന്ന ഹെലിപാഡ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് 6500 ക്യുബിക് മീറ്റർ മണ്ണ് ഉപയോഗിച്ച് 60 സെന്റിമീറ്റർ ഗ്രൗണ്ട് ഉയർത്തി. ഇരുവശങ്ങളിലും 232 മീറ്റർ നീളത്തിൽ 4 അടി താഴ്ചയിൽ കോൺക്രീറ്റ് ഡ്രെയിനേജ് നിർമ്മിച്ചു. ക്രിക്കറ്റ് പ്രാക്ടീസിംഗ് നെറ്റ്‌സ്, മിനി ഹൈമാസ്റ്റ് സ്‌പോട്ട് ലൈറ്റുകൾ സ്ഥാപിച്ചു. ഓപ്പൺ ജിം നിർമ്മാണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നതുമൂലം ഗ്രൗണ്ടിന്റെ മണ്ണും ഉപരിതലവും തകർന്ന് കളിക്കാനും കായിക പരിശീലനത്തിനും ഉപയോഗിക്കേണ്ട പൊതുസ്വത്ത് നശിക്കുകയാണെന്ന് നഗരസഭ ആരോപിക്കുന്നു. വിദ്യാർത്ഥികൾക്കും സമീപവാസികൾക്കും അപകടസാദ്ധ്യതയും ഉണ്ടാകുന്നു. വിദ്യാർത്ഥികളുടെ കായിക പ്രവർത്തനങ്ങൾക്കും പൊതുതാൽപര്യത്തിനുമായി സംരക്ഷിക്കേണ്ട സ്‌കൂൾ ഗ്രൗണ്ടാണിത്. നഗരസഭ അധികൃതർ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |