
തൃശൂർ: മുന്നറിയിപ്പില്ല, വെളിച്ചമില്ല, ദിശാസൂചക ബോർഡുമില്ല... തോന്നുംപോലെ വഴിതിരിച്ചുവിടുന്ന ദേശീയപാത അതോറിട്ടിയുടെ അനാസ്ഥയാണ് കയ്പമംഗലത്ത് എട്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത്. കാറിന്റെ അമിതവേഗതയെ പഴിച്ച് തടിയൂരാനുള്ള ദേശീയപാത അധികൃതരുടെ ശ്രമം, വീഴ്ച മറയ്ക്കാനാണെന്നാണ് ആക്ഷേപം.
ഗുരുവായൂർ ഭാഗത്തുനിന്ന് ആദ്യ മേൽപ്പാലമിറങ്ങി വരുമ്പോൾ ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ ദിശാസൂചിക ബോർഡുണ്ടായിരുന്നു. എന്നാൽ ഇതിനെ മറച്ച് മൂന്ന് ലോറികളാണ് പാർക്ക് ചെയ്തിരുന്നത്. വലതുവശത്തെ ട്രാക്കിലൂടെ എത്തിയ കാർ, ഏകദേശം 30 മീറ്റർ അടുത്തെത്തിയപ്പോഴാണ് ലോറിയെ കണ്ടതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.
ദേശീയപാതയിൽ പലയിടത്തും ചരക്ക് ലോറികളടക്കം ഹെവി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പതിവാണ്. ഇതിനെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അപകടസാദ്ധ്യതയുള്ള മേഖലകളിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനകൾ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
രാവിലെ ഒരുവഴി
രാത്രി പെരുവഴി
പകൽ വരുമ്പോൾ ഒരുവഴി. അതേറൂട്ടിലൂടെ രാത്രി വരുമ്പോൾ വേറെ വഴി. ഇതാണ് ദേശീയപാതയിലൂടെയുള്ള യാത്രക്കാരെ കുഴയ്ക്കുന്നത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി രാത്രി ഒമ്പതിനുശേഷം ഗതാഗതം വഴിതിരിച്ചുവിടുന്നത് പതിവാണ്. എന്നാൽ അതിനനുസരിച്ചുള്ള സുരക്ഷാ ബോർഡുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിക്കാറില്ല. വെളിച്ചമില്ലാത്തത് സ്ഥിതി കൂടുതൽ അപകടകരമാക്കുന്നു. പലയിടങ്ങളിലും റിഫ്‌ളക്ടറുകളുമില്ല.
ലോറി ഡ്രൈവറുടേത്
അപരാധം: സുരേഷ് ഗോപി
ലോറി ഡ്രൈവർ ചെയ്തത് വലിയ അപരാധമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പരസ്പരം പഴി ചാരുകയല്ല വേണ്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചു. ഇനി മുതൽ ഹൈവേയിൽ കർശന പട്രോളിംഗ് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ദേശീയപാതയിലെ അനധികൃത പാർക്കിംഗിനെതിരെ 25,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാൻ ചർച്ചയിലെ തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |