
തൃശൂർ: കാത്തിരുന്ന സ്വർണ്ണത്തോളം തിളക്കമുണ്ട് ഈ വെള്ളിമെഡലിന്. നാട്ടികക്കാർ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ്. മൂന്നു വർഷത്തിന് ശേഷം ഒരിക്കൽ കൂടി ആൻസി സോജനിലൂടെ നാട്ടികയിലേക്കെത്തിയ വെള്ളി മെഡലിന് സ്വർണത്തോളം തിളക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രാഥമിക റൗണ്ടില്ലാതെ നേരിട്ട് ഫൈനലായിരുന്നു. 3.40ന് മത്സരം ആരംഭിക്കും മുമ്പ് തന്നെ സോജന്റെ വീട്ടിൽ ബന്ധുക്കളും നാട്ടുകാരും നിറഞ്ഞു. അടുത്തിടെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ലോംഗ്ജമ്പ് പിറ്റിൽ പുതിയ ചരിത്രം രചിച്ചിരുന്നു ആൻസി. ഇന്ത്യൻ അത്ലറ്റിക്സ് ചരിത്രത്തിൽ 22 വർഷക്കാലം ഇളകാതിരുന്ന അഞ്ജു ബോബി ജോർജിന്റെ റെക്കോഡാണ് ആൻസി അന്ന് തിരുത്തിയത്. 65-ാമത് ദേശീയ അന്തർ സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 2004ലെ ആതൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്ററെന്ന റെക്കോഡ് ദൂരം 6.88 മീറ്ററാക്കിയാണ് ആൻസി തിരുത്തിയത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 6.85 മീറ്റർ ദൂരം പിന്നിടുന്ന രണ്ടാമത്തെ ഏഷ്യൻ വനിതയെന്ന നേട്ടവും സ്വന്തമാക്കി. മെഡൽ ലഭിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. നാട്ടികയിൽ നിന്ന് ഒളിമ്പ്യൻ പി. രാമചന്ദ്രന് ശേഷം തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസിലും വെള്ളിമെഡൽ നേടുന്ന താരമായി ആൻസി. ജേബി മേത്തർ എം.പി ഉൾപ്പടെയുള്ള പ്രമുഖർ മത്സരം നടക്കുമ്പോൾ ആൻസിയുടെ വീട്ടിലെത്തിയിരുന്നു.
തുടക്കം മുതൽ മുന്നിൽ... പക്ഷേ
ആദ്യ ചാട്ടത്തിൽ 6.49 മീറ്റർ, കഴിഞ്ഞ തവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി വെള്ളി നേടിയതിന്റെ അടുത്തെത്തിയില്ലെങ്കിലും ആൻസി മുന്നിലെത്തി. രണ്ടാം ശ്രമം പിഴച്ചു. ഫൗൾ ഫ്ളാഗ് ഉയർന്നു. മൂന്നും നാലും ചാട്ടങ്ങളിലും ആദ്യശ്രമത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ അഞ്ചാം ശ്രമത്തിൽ മെച്ചപ്പെടുത്തി. എല്ലാവരെയും പിന്നിലാക്കി ആൻസി വീണ്ടും മുന്നിൽ. എന്നാൽ തന്റെ അവസാന ശ്രമത്തിൽ ചൈനീസ് താരം ഹ്വാങ് യിംഗ്‌യിംഗ് 6.55 മീറ്റർ ചാടി സ്വർണം പിടിച്ചെടുക്കുകയായിരുന്നു.
അഭിനന്ദന പ്രവാഹം
വെള്ളിമെഡൽ നേടിയ ആൻസിക്ക് അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രി വി.ഡി.സതീശൻ, കായിക മന്ത്രി ഒ.ജെ.ജനീഷ്, ശശി തരൂർ എം.പി എന്നിവർ ആൻസിയുടെ പിതാവ് സോജനെ ഫോണിൽ വിളിച്ച് മകളുടെ നേട്ടത്തിൽ അഭിനന്ദനമറിയിച്ചു. ഗീത ഗോപി എം.എൽ.എയും വീട്ടിലെത്തി കുടുംബാഗങ്ങളുമായി ആഹ്ലാദം പങ്കിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |