മറ്റത്തൂർ: ആദ്യം പട്ടിയെ കൊന്നു, പിന്നാലെ ക്യാമറയിൽ പതിഞ്ഞു. പിന്നീട് പല ഇടങ്ങളിൽ പുലിയെ കണ്ടെന്ന മൊഴികൾ. ഇപ്പോഴിതാ പുലർച്ചെ റബർതോട്ടത്തിൽ ഒരുമിച്ച് രണ്ട് പുലികളെ കണ്ടതായി തൊഴിലാളിയുടെ വെളിപ്പെടുത്തൽ. മാങ്കുറ്റിപ്പാടത്തെ പുലിപ്പേടി വീണ്ടും തുടരുകയാണ്. കഴിഞ്ഞ 15ന് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. മാങ്കുറ്റിപ്പാടത്തുനിന്ന് കിലോമീറ്ററുകൾ അകലെ ചേലക്കാട്ടുകരയിൽ ഒരാൾ പുലിയെ കണ്ടതായി പറഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച ചെമ്പൂച്ചിറയിലും പുലിയെ കണ്ടതായി റിപ്പോർട്ടുണ്ട്. പിറ്റേന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഒരു പട്ടിയെ പിടിച്ചതൊഴിച്ചാൽ മേഖലയിൽ മറ്റൊരു വളർത്തുമൃഗത്തെയും പുലി പിടിച്ചതായി റിപ്പോർട്ടില്ല. പുലിയെ കണ്ട സ്ഥലത്തോട് ചേർന്നാണ് കോടശ്ശേരി റിസർവ് ഫോറസ്റ്റ്. എന്നാൽ 75 വർഷത്തിലേറെയായി ഇവിടെ പുലിയോ മറ്റ് വന്യമൃഗങ്ങളോ ഉള്ളതായി അറിവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റബർതോട്ടത്തിലും?
ഇതിനിടെയാണ് ഇന്നലെ പുലർച്ചെ മാങ്കുറ്റിപ്പാടം സ്വദേശി മുരിയൻ കോരിയിൽ മോനിച്ചൻ രണ്ട് പുലികളെ കണ്ടതായി പറയുന്നത്. ഭാര്യയ്ക്കും മകനുമൊപ്പം റബർ ടാപ്പിംഗിന് പോകുന്നതിനിടെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഹെഡ്‌ലൈറ്റിൽ കണ്ണുകൾ തിളങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ടോർച്ചടിച്ചപ്പോഴാണ് പുലികളെ കണ്ടത്. ഒരെണ്ണം ഓടി മരത്തിൽ കയറിയതായും മറ്റൊന്ന് ഓടിപ്പോയതായും മോനിച്ചൻ പറഞ്ഞു. വനപാലകർ നേരത്തെ സ്ഥാപിച്ചിരുന്ന ക്യാമറ ഇന്നലെ പുലിയെ കണ്ട സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. കാവുങ്ങൽ ജോർജിന്റെ റബർ തോട്ടത്തിലാണ് പുലികളെ കണ്ടതായി പറയുന്നത്.
സാധാരണയായി പുലികൾ ഒന്നിച്ച് സഞ്ചരിക്കാറില്ല. പ്രത്യേകിച്ച് ജനവാസമേഖലയിൽ രണ്ട് പുലികൾ ഒരുമിച്ച് സഞ്ചരിക്കാനുള്ള സാധ്യത കുറവാണ്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |