SignIn
Kerala Kaumudi Online
Thursday, 24 September 2026 10.41 PM IST

വൃശ്ചികക്കാറ്റില്ല,​ കായ്ഫലങ്ങൾ കുറയും ?

wind

തൃശൂർ: ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും അപ്രതീക്ഷിതമായി തുടരുമ്പോൾ വൃശ്ചികക്കാറ്റും മഞ്ഞും ഒഴിഞ്ഞതോടെ പ്‌ളാവും മാവും അടക്കമുള്ള ഫലവൃക്ഷങ്ങൾ പൂക്കാനും കായ്ക്കാനും തടസമുണ്ടാകുമെന്ന ആശങ്കയിൽ കർഷകർ. ചക്രവാതച്ചുഴി അറബിക്കടലിൽ പ്രവേശിക്കാൻ സാദ്ധ്യതയുള്ളതിനാൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ടെന്നും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വൃശ്ചികം പകുതി പിന്നിടുമ്പോഴും മഴ തുടരുന്നത് അപൂർവമാണ്. മാവിലും പ്‌ളാവിലും ഫലങ്ങളുണ്ടാകുന്ന സമയമാണിത്. തണുപ്പും ചൂടും കലർന്ന സവിശേഷമായ കാലാവസ്ഥയാണ് ഫലസമൃദ്ധിക്ക് വേണ്ടത്. ഇനി മരം പൂത്താൽ തന്നെ മഴയിൽ മുഴുവൻ കൊഴിയും. കീടബാധ രൂക്ഷമാകും.

ആഗോള കാലാവസ്ഥ തകിടം മറിഞ്ഞു

സൈബീരിയിൽ നിന്ന് ബംഗാൾ ഉൾക്കടൽ വഴിയാണ് വൃശ്ചികക്കാറ്റിന്റെ തുടക്കം. തമിഴ്‌നാട് ചുരം വഴി ചൂടുള്ള വായുവായി കേരളത്തിലെത്തും. വൃശ്ചികക്കാറ്റിലുണ്ടായ വ്യതിയാനം ആഗോള കാലാവസ്ഥ താളം തെറ്റിയതിന്റെ പ്രതിഫലനം കൂടിയാണ്. വടക്കുകിഴക്കൻ മൺസൂൺ തമിഴ്‌നാട്ടിലെ കാർഷിക മേഖലയെയും ഗുരുതരമായി ബാധിച്ചു. ശനിയാഴ്ച വരെ ഈ സീസണിൽ രേഖപ്പെടുത്തിയത് അവിടെ 75 ശതമാനം അധികമഴയുണ്ടായി. നൂറ് വർഷത്തിനിടയിൽ 100 സെന്റീ മീറ്ററിലധികം മഴയാണ് നവംബറിൽ മാത്രം ഇത് മൂന്നാം തവണയും ലഭിക്കുന്നത്.

വൃശ്ചികത്തിലെ കാലാവസ്ഥ

രാവിലെയും രാത്രിയിലുമുള്ള മഞ്ഞ്
വായുവിനുണ്ടാകുന്ന ആർദ്രത
പകൽ നേരങ്ങളിൽ ചൂടുള്ള കാറ്റ്
അന്തരീക്ഷ താപനിലയിലുള്ള ഉയർച്ച

ഡിസംബറിന്റെ തുടക്കത്തിലും മഴ ഒഴിയില്ലെന്നാണ് നിലവിലുള്ള നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വൃശ്ചികക്കാറ്റ് അതിന്റെ വേഗവും താളവും ഇതേവരെ കൈവരിച്ചില്ല.

ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ

ഒഴുകിയൊഴുകി പീച്ചി ഡാം

ഇടവേളകളില്ലാതെ, നാല് മാസം തുടർച്ചയായി ഒഴുകുകയാണ് പീച്ചി ഡാം. ഇത്രയും കാലം വെള്ളം തുറന്നുവിടുന്നത് റെക്കാഡ്. ജൂലായ് 27നായിരുന്നു രണ്ട് ഇഞ്ച് വീതം 4 ഷട്ടറുകൾ ഉയർത്തിയത്. പിന്നെ മഴ കടുത്തതോടെ ഷട്ടറുകൾ താഴ്ത്തിയില്ല. കഴിഞ്ഞമാസം 17ന് 10 ഇഞ്ച് വരെ ഷട്ടർ ഉയർത്തി. ഒരിക്കൽ പോലും ഷട്ടർ പൂർണമായും അടച്ചില്ല. 2018ലെ പ്രളയത്തിൽ ഷട്ടറുകൾ അടച്ചിരുന്നു. 78.94 മീറ്ററാണ് കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. കഴിഞ്ഞവർഷം വെള്ളമില്ലെന്ന് കർഷകർ പരാതിപ്പെട്ടതിനുസരിച്ച് നവംബർ 21ന് ഇടതുകര കനാൽ ജലസേചനത്തിന് തുറന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VRICHIKA KATTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL