പുൽപ്പള്ളി: വടാനക്കവല സ്വകാര്യഭൂമിയിൽ നിയമവിരുദ്ധമായി നടക്കുന്ന റിസോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. കെട്ടിട നിർമ്മാണത്തിനായി സമർപ്പിച്ച അപേക്ഷയിൽ വൻതോതിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗ്രാമപഞ്ചായത്തിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സ്ഥലപരിശോധനയിൽ ലേ ഔട്ട് അപ്രൂവൽ ലഭിക്കുന്നതിന് മുൻപുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ തന്നെ പുതിയ നിർമ്മാണങ്ങൾ നടക്കുന്നതായി കണ്ടെത്തി. സ്ഥലത്തെ പ്രവേശന കവാടത്തിന് ഇരുവശത്തും നിർമ്മിക്കുന്ന ഡ്രെയിനേജിലൂടെയുള്ള വെള്ളം പഞ്ചായത്ത് റോഡിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളതായും ഇത് ഗതാഗതത്തെയും റോഡിന്റെ നിലനിൽപ്പിനെയും ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അപാകതകൾ പരിഹരിക്കാൻ ഉടമയ്ക്ക് സമയം അനുവദിച്ചിരുന്നെങ്കിലും അത് ദുരുപയോഗം ചെയ്ത് പുതിയ നിർമ്മാണങ്ങൾ നടത്തുകയാണ് ചെയ്തത്. പഞ്ചായത്തിനെ കബളിപ്പിച്ചുക്കൊണ്ട് നിർമ്മാണം തുടരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി പണി നിർത്തിവെക്കാൻ സെക്രട്ടറി ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |