SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 AM IST

തു​ട​ർ​ക്ക​ഥ​യാ​യി വിപണി തകർച്ച

glo

ആറാം ദിവസവും കനത്ത ഇടിവിൽ ഇന്ത്യൻ ഓഹരികൾ

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയെ തകർത്തു. തുടക്കത്തിൽ നേട്ടമുണ്ടാക്കിയ സൂചികകൾ നിക്ഷേപകരുടെ പിന്തുണ ലഭിക്കാത്തതിനാൽ കടുത്ത സമ്മർദ്ദത്തിലായി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 638.5 പോയിന്റ് തകർച്ചയോടെ 81,050ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 218.85 പോയിന്റ് നഷ്‌ടത്തോടെ 24,795.75ൽ എത്തി. ഇടത്തരം കമ്പനികളുടെ ഓഹരികളാണ് കനത്ത തിരിച്ചടി നേരിട്ടത്. നിഫ്റ്റി മിഡ് കാപ്പ്, നിഫ്റ്റി ബാങ്കിംഗ് എന്നിവ രണ്ടു ശതമാനം ഇടിഞ്ഞു. വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിന്ന് പണം ചൈനയിലേക്ക് ഒഴുക്കുന്നതാണ് പ്രധാന വെല്ലുവിളി. ഒക്ടോബറിൽ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 30,718 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വിറ്റൊഴിഞ്ഞത്.

ഐ.ടി ഒഴികെയുള്ള പ്രധാന മേഖലകളിലെ ഓഹരികളെല്ലാം ഇന്നലെ വില്പന സമ്മർദ്ദം നേരിട്ടു. ബാങ്കിംഗ്, ധനകാര്യ, ഇന്ധന, മീഡിയ മേഖലകളിലെ ഓഹരികൾ തകർച്ചയ്‌ക്ക് നേതൃത്വം നൽകി.

ദേശീയ വിപണിയിൽ സ്വർണ വില റെക്കാഡിൽ

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ശക്തമായതോടെ ദേശീയ വിപണിയിൽ സ്വർണ വില പത്ത് ഗ്രാമിന് 250 രൂപ വർദ്ധിച്ച് 78,700 രൂപയിലെത്തി. ഉത്സവകാലയളവിന് മുന്നോടിയായി ജുവലറികളുടെ വാങ്ങൽ താത്പര്യം കൂടിയതും അനുകൂലമായി. ഓഹരി വിപണിയിലെ തകർച്ച മൂലം ആഭ്യന്തര നിക്ഷേപകർ സ്വർണത്തിലേക്ക് നീങ്ങിയതും വില കൂടാൻ കാരണമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,672 ഡോളറിലാണ്. അതേസമയം സംസ്ഥാനത്ത് സ്വർണം പവന് വില 160 രൂപ കുറഞ്ഞ് 56,800 രൂപയിലെത്തി. ഗ്രാമിന് 20 രൂപയും കുറഞ്ഞു.

ക്രൂഡ് വില 80 ഡോളറിലേക്ക്

ഇറാന്റെ എണ്ണപ്പാടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിന് അടുത്തെത്തി. യു.എസ് ക്രൂഡ് വില 76 ഡോളറിലെത്തി. ഇറാനിൽ ആക്രമണം നടന്നാൽ എണ്ണയുടെ സപ്ളൈ ശ്യംഖലയിൽ വിള്ളൽ വീഴുമെന്ന ആശങ്ക ശക്തമാണ്.

നിക്ഷേപകരുടെ നഷ്‌ടം നാല് ലക്ഷം കോടി രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ മാറ്റമില്ല

ചൈ​ന​യി​ലെ​ ​ ഓഹരി വിപണി ഇടവേളയ്ക്ക് ശേഷം ഇന്ന് തുറക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360