
കൊച്ചി: സൗരോർജ കരാർ നേടാനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 26.5 കോടി ഡോളർ കൈക്കൂലി നൽകിയ കേസിൽ നിലപാട് വ്യക്തമാക്കുന്നതിന് പ്രമുഖ വ്യവസായി ഗൗതം അദാനി, സഹോദര പുത്രൻ സാഗർ അദാനി എന്നിവർക്ക് അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) സമൻസയച്ചു. ന്യൂയോർക്ക് ഈസ്‌റ്റേൺ കോടതി വഴി അയച്ച ഗൗതം അദാനിയുടെ അഹമ്മദാബാദിലെ വിലാസത്തിലും സാഗർ അദാനിയുടെ ന്യൂയോർക്കിലെ വിലാസത്തിലുമാണ് 21 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുള്ളത്. യഥാസമയം മറുപടി നൽകിയില്ലെങ്കിൽ ഏകപക്ഷീയമായി വിധി പറയുമെന്നും സമൻസിൽ പറയുന്നു.
2020 മുതൽ 2024 വരെയുള്ള കാലയളവിൽ സൗരോർജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി നൽകിയ വിവരം മറച്ചുവച്ച് കടപ്പത്ര വിൽപ്പനയിലൂടെ അമേരിക്കയിലെ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് വഞ്ചിച്ചുവെന്നാണ് ഗൗതം അദാനിക്കും മറ്റ് ഏഴുപേർക്കുമെതിരായ കുറ്റപത്രത്തിൽ പറയുന്നത്.
ആരോപണം ഒരു കരാറിനെതിരെ മാത്രമെന്ന് അദാനി ഗ്രൂപ്പ്
അദാനി ഗ്രീൻ എനർജിയുടെ ഒരു കരാറുമായി ബന്ധപ്പെട്ട് മാത്രമാണ് അമേരിക്കയിലെ നിയമ നടപടികളെന്ന് അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിണ്ടർ സിംഗ് പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ മൊത്തം ബിസിനസിൽ പത്ത് ശതമാനം വിഹിതമാണ് അദാനി ഗ്രീനിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിലെ മറ്റൊരു കമ്പനിക്കെതിരെയും കുറ്റപത്രത്തിൽ പറഞ്ഞിട്ടില്ല. ആരോപണങ്ങൾക്കെതിരെ സാദ്ധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |