
100 ദിനങ്ങൾ, 7,000 അതിഥികൾ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച 0484 ലോഞ്ച് വൻഹിറ്റാകുന്നു. 100 ദിനങ്ങൾ പിന്നിട്ടപ്പോൾ 7,000ൽ അധികം അതിഥികൾ സേവനം ഉപയോഗപ്പെടുത്തി. നാലായിരത്തിനടുത്ത് ബുക്കിംഗുകളും നടന്നു. യാത്രക്കാർക്കും സന്ദർശകർക്കും പ്രവേശനമുണ്ട്. സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എ.എസ്.എല്ലിനാണ് നടത്തിപ്പുചുമതല.
8,12,24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിംഗ് സംവിധാനമുള്ളതിനാൽ, താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ആളുകൾ ലോഞ്ച് ഉപയോഗിക്കുന്നു. എൻ.ആർ.ഐകൾക്കും ദീർഘദൂര യാത്രക്കാർക്കും സുരക്ഷിതവും സൗകര്യപ്രദവുമാണ്.
കോൺഫറൻസ് ഹാൾ, ബോർഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ കോർപ്പറേറ്റ് സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിംഗിൽ പങ്കെടുക്കേണ്ടവർക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നതാണ് പ്രധാന ആകർഷണം. പ്രീ-വെഡ്ഡിംഗ് ഷൂട്ടുകൾ, പത്രസമ്മേളനങ്ങൾ, ബിസിനസ് സമ്മേളനങ്ങൾ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.
ലോഞ്ചിനകത്തായി കഫേയും റീട്ടെയിൽ ഷോപ്പുകളുമുണ്ട്. ടെർമിനലിന് അടുത്തതായതിനാൽ രാത്രി യാത്രക്കാർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമകേന്ദ്രമാണിത്. സിയാലിന്റെ വ്യോമേതര വരുമാനം വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ലോഞ്ച് തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |