
പവൻ വില 64,560 രൂപയിൽ
കൊച്ചി:ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണമാക്കുമെന്ന ആശങ്കയിൽ സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന്(28.35 ഗ്രാം) 2,951 ഡോളറിലെത്തി റെക്കാഡിട്ടു. കേരളത്തിൽ സ്വർണ വില 280 രൂപ വർദ്ധിച്ച് 64,560 രൂപയിലെത്തി. ഗ്രാമിന്റെ വില 35 രൂപ ഉയർന്ന് 8,070 രൂപയായി. 24 കാരറ്റ് സ്വർണ വില കിലോഗ്രാമിന് 89 ലക്ഷം രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് പവന് 53,120 രൂപയിലെത്തി. നിലവിൽ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയുമടക്കം സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് 70,000 രൂപയിലധികമാകും.
സ്വർണം വാങ്ങികൂട്ടി റിസർവ് ബാങ്ക്
ആഗോള ധന അനിശ്ചിതത്വം കണക്കിലെടുത്ത് റിസർവ് ബാങ്ക് സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നു. ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകളാണ് സ്വർണത്തിനോട് റിസർവ് ബാങ്കിന് താത്പര്യം കൂട്ടുന്നത്. കഴിഞ്ഞ വർഷം 72.6 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. ഇതോടെ വിദേശ നാണയ ശേഖരത്തിലെ സ്വർണം 876.18 ടണ്ണായി ഉയർന്നു.
കഴിഞ്ഞ വർഷം കേന്ദ്ര ബാങ്കുകൾ വാങ്ങിയ സ്വർണം
1,000 ടൺ
വിലക്കുതിപ്പിന് പിന്നിൽ
1. ഉക്രെയിനുള്ള പിന്തുണ അമേരിക്ക പിൻവലിച്ചേക്കുമെന്ന സൂചനകൾ രാഷ്ട്രീയ അനിശ്ചിതത്വം ശക്തമാക്കുന്നു. നാറ്റോയിൽ നിന്ന് അമേരിക്ക പിൻമാറുമെന്ന ആശങ്കയും ശക്തമാണ്
2. ലോക രാജ്യങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് നടത്തുന്ന തീരുവ യുദ്ധം തിരിച്ചടിയാകുമെന്ന ആശങ്കയിൽ വൻകിട ഫണ്ടുകൾ സ്വർണം വാങ്ങികൂട്ടുന്നു
3. അമേരിക്കയിൽ വിലക്കയറ്റം അതിരൂക്ഷമായതിനാൽ മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിൽ കരുതൽ വേണമെന്ന നിലപാടാണ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സ്വീകരിക്കുന്നത്
4. ചൈന, ഇന്ത്യ, പോളണ്ട് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുന്നു
ഒരു വർഷത്തെ വിപണികളിലെ നേട്ടം
സ്വർണം : 44 ശതമാനം
ഓഹരികൾ: 18 ശതമാനം
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,050 ഡോളർ വരെ ഉയരാനിടയുണ്ട്
അഡ്വ. അബ്ദുൽ നാസർ
ജനറൽ സെക്രട്ടറി
എ.കെ.ജി.എസ്.എം.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |