
കൊച്ചി: സ്വർണവില വീണ്ടും പുതിയ റെക്കാഡിൽ. ഇന്നലെ പവന് 160 രൂപ വർദ്ധിച്ച് 64,600 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 8075 രൂപയായി. സ്വർണം പവന് ഈ മാസം മാത്രം 2960 രൂപയാണ് വർദ്ധിച്ചത്. ഒരു പവന്റെ സ്വർണാഭരണം വാങ്ങാൻ പണിക്കൂലി, ജി.എസ്.ടി ഉൾപ്പെടെ കുറഞ്ഞത് 70,000 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഗോളവിപണിയിലെ വില, മുബയ് വിപണിയിലെ വില, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. ഓഹരിവിപണിയിലെ ഇടിവ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വർണം വാങ്ങിസൂക്ഷിക്കാനുള്ള സാദ്ധ്യത കണ്ട് സ്വർണത്തിന് ഇനിയും വില വർദ്ധിക്കാമെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില താങ്ങാവുന്നതിലും കൂടുന്നതിനാൽ ഉപഭോക്താക്കൾ 18 കാരറ്റ് സ്വർണത്തിനോട് താത്പര്യം കാട്ടുന്നുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,607 യും പവന് 52,856 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഇന്ത്യൻ രൂപയുടെ കരുത്ത് വർദ്ധിച്ചാൽ മാത്രമേ ഇനി സ്വർണവിലയിൽ വലിയ ഇടിവുണ്ടാകാനിടയുള്ളൂ. എന്നാൽ, നിലവിലത്തെ സാഹചര്യത്തിൽ ഉടനെങ്ങും സ്വർണവിലയിൽ വലിയ മാറ്റമുണ്ടാകാൻ സാദ്ധ്യതയില്ല. സ്വർണ വിലയിലെ വൻ കുതിപ്പ് മൂലം ഇന്ത്യയിലെ സ്വർണ വില്പന നാല് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽലിന്റെ ഇന്ത്യ വിഭാഗത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |