
കോഴിക്കോട്: കർഷകർക്ക് അധിക പാൽ വിലയായി ഒൻപത് കോടി രൂപ അനുവദിക്കാൻ ഇന്നലെ ചേർന്ന മലബാർ മിൽമയുടെ ഭരണ സമിതി യോഗം തീരുമാനിച്ചു. മലബാർ മേഖല യൂണിയന്റെ നടപ്പുവർഷത്തെ പ്രവർത്തന മിച്ചം കണക്കാക്കി ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിലൂടെ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപ അധികമായി നൽകും. നവംബറിൽ നടന്ന ഭരണ സമിതി യോഗത്തിൽ ഇക്കാലയളവിലേക്ക് ലിറ്ററിന് ഒരു രൂപ അധിക വിലയായി പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനം വന്നതോടെ ലിറ്ററിന് 2.50 രൂപ അധികമായി കർഷകർക്ക് ലഭിക്കും. പുതിയ വില അനുസരിച്ച് ഒരു ലിറ്റർ പാലിന് കർഷകർക്ക് 48 രൂപ 42 പൈസ ലഭിക്കും. നടപ്പു സാമ്പത്തിക വർഷത്തിൽ മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് അധിക പാൽവിലയായും കാലിത്തീറ്റ സബ്സിഡിയായും 45 കോടി രൂപ മിൽമ അനുവദിച്ചിരുന്നു. ഇതോടെ നടപ്പു സാമ്പത്തിക വർഷം 54 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് മലബാറിലെ ക്ഷീര കർഷകർക്ക് ലഭിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി, മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |