
കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് ആരോപണം
തിരുവനന്തപുരം: കേരളത്തിൽ ഒൻപത് വർഷത്തിനുള്ളിൽ 42, 000 മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എം.എസ്.എം.ഇ) അടച്ചുപൂട്ടിയെന്ന വാർത്തകൾ
തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രി പി.രാജീവ്. കേരളത്തിനെതിരായ നീക്കമാണ് ഈ പ്രചരണമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയിൽ വ്യവസായ മന്ത്രി നൽകിയ മറുപടിയിലെ കണക്കുകളാണ് വാർത്തയ്ക്ക് ആധാരം. പുതുതായി ലഭിച്ച വിവരമെന്ന് തോന്നുന്ന വിധത്തിൽ വാർത്ത അവതരിപ്പിച്ച രീതി അധാർമികമാണെന്നും രാജീവ് പറഞ്ഞു. ഫെബ്രുവരി 10 ന് നിയമസഭയിൽ നൽകിയ 1119 പേജുള്ള മറുപടിയിലുള്ള വിവരങ്ങളാണ് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകിയത്.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിലധികം സംരംഭങ്ങൾ പൂട്ടിയെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യം രജിസ്‌ട്രേഷൻ ആധാരമാക്കിയുള്ള കണക്കുകൾ പറയാതെ സംരംഭക വർഷത്തിലൂടെ നിലവിൽ വന്ന 3.44 ലക്ഷം സംരംഭങ്ങളുടെ കണക്ക് മാത്രമാണ് സംസ്ഥാന സർക്കാർ പ്രസിദ്ധപ്പെടുത്തിയതെന്നും മന്ത്രി വിശദമാക്കി.
സംരംഭങ്ങളുടെ പരാജയ നിരക്ക് കുറയ്‌ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പൂട്ടിയതായി നിയമസഭയിൽ വച്ച കണക്കുകളിൽ അവയുടെ സ്വഭാവവും വ്യക്തമാക്കിയിട്ടുണ്ട്. തട്ടുകട, മുറുക്കാൻ കട തുടങ്ങിയ നിരവധി സംരംഭങ്ങളും പട്ടികയിലുണ്ട്. പൂട്ടിപ്പോയ സംരംഭങ്ങളുടെ സ്വഭാവവും വാർത്തകളിൽ മറച്ചുവച്ചെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ അടച്ചുപൂട്ടൽ കുറവ്
ആരംഭിക്കുന്ന സംരംഭങ്ങളെല്ലാം വിജയിക്കുന്ന രീതി ലോകത്ത് ഒരിടത്തുമില്ല. എം.എസ്.എം.ഇ അടച്ചുപൂട്ടൽ നിരക്ക് കേരളത്തിൽ വളരെ കുറവാണെന്ന് പി. രാജീവ് പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ആദ്യ വർഷം കേരളത്തിലെ അടച്ചുപൂട്ടൽ നിരക്ക് 15 ശതമാനമായും രണ്ടാം വർഷം ഒൻപത് ശതമാനമായും കുറഞ്ഞു. സംരംഭക വർഷത്തിൽ ശരാശരി അടച്ചുപൂട്ടൽ നിരക്ക് 12 ശതമാനമാണ്. ആഗോളാടിസ്ഥാനത്തിൽ സംരംഭങ്ങളുടെ ശരാശരി അടച്ചുപൂട്ടൽ നിരക്ക് 67 ശതമാനമാണ്.
കേരളത്തിലെ ഉദ്യം രജിസ്ട്രേഷൻ കുതിക്കുന്നു
2021 : 85143 സംരംഭങ്ങൾ
2024: 14,52,932 സംരംഭങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |