
ഓഹരി വില ഇന്നലെ 30 ശതമാനം ഇടിഞ്ഞു
കൊച്ചി: ഡെറിവേറ്റീവ് ഉത്പന്നങ്ങളുടെ മൂല്യത്തിലെ വ്യത്യാസം അറ്റആസ്തിയിൽ 2.35 ശതമാനം കുറവുണ്ടാക്കുമെന്ന വാർത്തകൾ പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരി വിലയിൽ ഇന്നലെ 30 ശതമാനം ഇടിവുണ്ടാക്കി. ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയിലെ കണക്കുകളിലെ പാളിച്ച ബാങ്കിന്റെ ലാഭത്തിൽ 1,600 കോടി മുതൽ 2,000 കോടി രൂപയുടെ വരെ കുറവുണ്ടാക്കിയേക്കും. റിസർവ് ബാങ്ക് നിർദേശാനുസരണം ബാങ്ക് നിയമിച്ച ആഭ്യന്തര ഓഡിറ്റ് സമിതിയാണ് വ്യത്യാസം കണ്ടെത്തിയത്. വ്യാപാരാന്ത്യത്തിൽ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരി വില 244.55 രൂപ(27.16 ശതമാനം) നഷ്‌ടത്തോടെ 655.95 രൂപയിൽ അവസാനിച്ചു.
പുതിയ സംഭവ വികാസങ്ങൾ ബാങ്കിന്റെ വിശ്വാസ്യതയെയും നിക്ഷേപ പിന്തുണയെയും ബാധിക്കുമെന്ന് പ്രമുഖ ബ്രോക്കിംഗ് സ്ഥാപനങ്ങൾ വ്യക്തമാക്കി.
റിസർവ് ബാങ്ക് റഡാറിൽ
ഇൻഡസ് ഇൻഡ് ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് കരുതലോടെയാണ് വീക്ഷിക്കുന്നത്. ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കാലാവധി മൂന്ന് വർഷം നീട്ടുന്നതിന് ഇൻഡസ് ഇൻഡ് ബാങ്ക് റിസർവ് ബാങ്കിനെ സമീപിച്ചെങ്കിലും ഒരു വർഷം മാത്രമാണ് അനുവദിച്ചത്. മൂന്നാം ത്രൈമാസത്തിലെ പ്രവർത്തന ഫലം പ്രഖ്യാപിക്കുന്നതിന് മുൻപായി ചീഫ് ഫിനാൻസ് ഓഫീസർ രാജിവച്ചതും ബാങ്കിലെ നടപടിക്രമങ്ങളുടെ പാളിച്ചകൾ മൂലമാണെന്ന് അഭ്യൂഹമുണ്ട്.
മ്യൂച്വൽ ഫണ്ടുകൾക്ക് കനത്ത നഷ്‌ടം
ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരിയിലെ വിലത്തകർച്ച രാജ്യത്തെ മുൻനിര മ്യൂച്വൽ ഫണ്ടുകൾക്ക് ഏഴായിരം കോടി രൂപയിലധികം നഷ്‌ടമുണ്ടാക്കി. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ, ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ ഓപ്പർച്യൂണിറ്റീസ് ഫണ്ട്, എസ്.ബി.ഐ നിഫ്റ്റി 500 ഫണ്ട്, സിംഗപ്പൂർ സർക്കാർ, യു.ടി.ഐ ലാർജ് ക്യാപ്, നിപ്പോൺ ലൈഫ് എന്നിവയ്ക്ക് ഇൻഡസ് ഇൻഡ് ബാങ്കിൽ ഒരു ശതമാനത്തിലധികം ഓഹരികളുണ്ട്.
പ്രൊമോട്ടർമാരുടെ 50 ശതമാനം ഓഹരികൾ പണയത്തിൽ
ഇൻഡസ് ഇൻഡ് ബാങ്കിന്റെ പ്രൊമോട്ടർമാരുടെ കൈവശമുള്ള 16.29 ശതമാനം ഓഹരികളിൽ പകുതിയിലധികം പണയപ്പെടുത്തിയിട്ടുള്ളതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഓഹരി വിലത്തകർച്ച രൂക്ഷമായാൽ വിവിധ ധന സ്ഥാപനങ്ങൾക്കും വലിയ ബാദ്ധ്യത സൃഷ്‌ടിക്കാനിടയുണ്ട്.
ഇൻഡസ് ബാങ്കിന്റെ വിപണി മൂല്യത്തിൽ ഇന്നലെയുണ്ടായ ഇടിവ്
12,032 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |