SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

വിറ്റുവരവിൽ റെക്കാഡ് നേട്ടവുമായി ഫോംമാറ്റിംഗ്‌സ്

pratheesh

ആലപ്പുഴ : നഷ്ടക്കണക്കുകൾ പഴങ്കഥയാക്കി ലാഭപാതയിലേക്ക് ശക്തമായി തിരിച്ചെത്തിയ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിംഗ്‌സ് ഇന്ത്യ (ലിമിറ്റഡ്) ചരിത്രം സൃഷ്‌ടിക്കുന്നു

നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ 15ദിവസം ബാക്കി നിൽക്കേ 15.60 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവാണ് സ്ഥാപനം നേടിയത്. 17കോടിയിൽ എത്തിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് മാനേജ്മെന്റ്.

കഴിഞ്ഞ സാമ്പത്തികവർഷം 13 കോടി രൂപയായിരുന്നു വിറ്റുവരവ്. 18വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സാമ്പത്തികവർഷമാണ് ഫോംമാറ്റിംഗ്‌സ് എട്ടു ലക്ഷം രൂപയുടെ ലാഭം നേടിയത്. ഇത്തവണ ലാഭം കാൽക്കോടി രൂപയിലെത്തിക്കാനാണ് ശ്രമം.

നേരിട്ട് കയറ്റുമതി

വിപണിയുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞാണ് ഫോംമാറ്റിംഗ്‌സ് ഉത്പന്നങ്ങൾ എത്തിക്കുന്നത്. കയറ്റുമതിക്കാരെ ഒഴിവാക്കി ഇത്തവണ കമ്പനി നേരിട്ട് ഫ്രാൻസിലേക്ക് 56 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് കയറ്റി അയച്ചു. ഫോംമാറ്റിംഗ്‌സിന്റെ പ്രകൃതിദത്ത ജൈവവളം, പരിസ്ഥിതി സൗഹൃദ ഫർണീച്ചറുകൾ എന്നിവയ്ക്കും ഡിമാൻഡേറുകയാണ്.

നേട്ടത്തിന്റെ വഴി

ആനിജൂലി തോമസ് (ചെയർപേഴ്സൺ), ഡോ. പ്രതീഷ് ജി.പണിക്കർ (എം.ഡി ), അംഗങ്ങളായ ശ്രീനി (ഫിനാൻസ്), ബൈജു(വ്യവസായം) എന്നിവരടങ്ങിയ ബോർഡാണ് ഫോംമാറ്റിംഗ്‌സിന്റെ ഭരണം നിയന്ത്രിക്കുന്നത്. കയർകോർപ്പറേഷന്റെ എം.ഡി തന്നെയാണ് ഫോംമാറ്റിംഗ്‌സ് എം.ഡിയുടെ ചുമതല വഹിക്കുന്നത്. ഈ ഇനത്തിൽ പ്രതിവർഷം ശമ്പളവും യാത്രാബത്തയും വാഹനച്ചെലവും ഉൾപ്പെടെ 15 ലക്ഷം രൂപ ലാഭിക്കാനായി. വൈകാതെ കയർകോർപ്പറേഷനിൽ ഫോംമാറ്റിംഗ്‌സ് ലയിക്കുന്നതോടെ ഒറ്റ ബോർഡായി മാറും.

പ്ളാന്റുകൾ പ്രവർത്തന സജ്ജം

കമ്പനിയിലെ മുഴുവൻ പ്ളാന്റുകളും ഇപ്പോൾ പ്രവർത്തന സജ്ജമാണ്. ഒരു ദിവസം 2000 സ്ക്വയർ മീറ്റർ തടുക്ക് നിർമ്മിക്കാൻ കഴിയുന്ന പ്ളാന്റ് സജ്ജമാക്കിയതോടെ ഉത്പാദനം വർദ്ധിച്ചു. ഇതോടെ ഓർഡറുകൾ കൃത്യസമയങ്ങളിൽ പൂർത്തിയാക്കാൻ കഴിഞ്ഞതാണ് വിറ്റുവരവ് ഉയർത്തിയത്.

"തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിൽ വിറ്റുവരവ് 17കോടിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഉത്പാദനം വർദ്ധിച്ചതോടെ ഓർഡർ അനുസരിച്ച് കയറ്റുതി വേഗത്തിലായി. അടുത്ത വർഷം 25കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്

- ഡോ. പ്രതീഷ് ജി.പണിക്കർ, മാനേജിംഗ് ഡയറക്ടർ, ഫോംമാറ്റിംഗ്‌സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360