SignIn
Kerala Kaumudi Online
Saturday, 24 October 2026 11.42 AM IST

അനിശ്ചിതത്വങ്ങളിൽ പതറാതെ കയറ്റുമതി രംഗം

shipping

ജൂണിലെ ഉത്പന്ന കയറ്റുമതി 3,514 കോടി ഡോളറിൽ

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും മറികടന്ന് ഇന്ത്യയുടെ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തി. മുൻ വർഷം ജൂലായിലെ കയറ്റുമതിയായ 3,416 കോടി ഡോളറിൽ നിന്ന് നേരിയ കുറവ് മാത്രമാണുണ്ടായത്. എന്നാൽ മേയ് മാസത്തിലെ 3,873 കോടി ഡോളറിനേക്കാൾ കയറ്റുമതിയിൽ ഗണ്യമായ ഇടിവുണ്ടായി. സേവനങ്ങളുടെ കയറ്റുമതി ജൂണിൽ 3,284 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ മാസം ഉത്പന്നങ്ങളും സേവനങ്ങളുമായി 6,798 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ഇന്ത്യ മൊത്തം നേടിയത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് പത്ത് ശതമാനം അടിസ്ഥാന തീരുവ ‌ഏർപ്പെടുത്തിയതിന് ശേഷവും അമേരിക്കയിലേക്കുള്ള കയറ്റുമതി മികച്ച ഉണർവിലാണ്.

ഇസ്രയേൽ-ഇറാൻ സംഘർഷവും തീരുവ യുദ്ധവും തരണം ചെയ്ത് കയറ്റുമതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബാർത്‌വാൾ പറഞ്ഞു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ നടപ്പു സാമ്പത്തിക വർഷത്തിലും ഇന്ത്യയ്ക്ക് റെക്കാഡ് കയറ്റുമതി വരുമാനം നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.92 ശതമാനം ഉയർന്ന് 11,217 കോടി ഡോളറിലെത്തി.

ഇറക്കുമതിയിൽ ഇടിവ്

ജൂണിൽ ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി 3.71 ശതമാനം ഇടിഞ്ഞ് 5,392 കോടി ഡോളറിലെത്തി. മുൻവർഷം ജൂണിൽ 5,600 കോടി ഡോളറായിരുന്നു. കഴിഞ്ഞ മാസം ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ മൊത്തം ഇറക്കുമതി മൂല്യം 7,150 കോടി ഡോളറിലാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇറക്കുമതി 4.23 ശതമാനം ഉയർന്ന് 17,944 കോടി ഡോളറായി.

വ്യാപാര കമ്മി കുറയുന്നു

കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്റെയും ഇറക്കുമതിയിലെ ഇടിവിന്റെയും കരുത്തിൽ കഴിഞ്ഞ മാസം രാജ്യത്തെ വ്യാപാര കമ്മി 1,878 കോടി ഡോളറായി ചുരുങ്ങി. മേയിലെ കമ്മി 2,188 കോടി ഡോളറായിരുന്നു. സേവന മേഖലയിൽ 1,562 കോടി ഡോളറിന്റെ വ്യാപാര മിച്ചം നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

നടപ്പുവർഷം ലക്ഷ്യമിടുന്ന കയറ്റുമതി വരുമാനം

ഒരു ലക്ഷം കോടി ഡോളർ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കയറ്റുമതി വരുമാനം

82,490 കോടി ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360