SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീയുടെ കരുത്ത്

money

കേരളത്തിൽ ഒരു വർഷം ശരാശരി 30000 പേർ വിവാഹ മോചനം തേടി കുടുംബകോടതികളിൽ എത്തുന്നുവെന്നാണ് പത്രവാർത്ത. ഒരു കേസും കൊടുക്കാതെ വേർപിരിഞ്ഞ് കഴിയുന്നവരുടെ എണ്ണം ഇതിലേറെ വരും. വിവാഹബന്ധം വേർപിരിയിലിൽ കലാശിക്കുമ്പോൾ അതിന്റെ മാനസിക സമ്മർദ്ദം പുരുഷനും സ്ത്രീക്കും ചിലപ്പോൾ ഒരേ പോലെയാണ്. എങ്കിലും അതിന്റെ ഫിനാൻഷ്യൽ ട്രോമ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരിക സ്ത്രീകളാണ്. പെൺകുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കളും അവരെ വിവാഹം ചെയ്യുമ്പോൾ ഭർത്താക്കന്മാരും സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൂടി കൈവരിക്കാനുള്ള പ്രോത്സാഹനവും സഹായവും നൽകണം.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ കേവലം സ്വത്ത് ഉണ്ടാക്കുക എന്നതല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസമാർജിക്കലാണ്. അദ്ധ്വാനിച്ച് വരുമാനം ഉണ്ടാക്കുകയും സമ്പാദിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും എന്ന മനോഭാവം പെൺകുട്ടികളിൽ ചെറുപ്രായത്തിലേ ഉണ്ടാക്കിയെടുക്കണം. പെൺകുട്ടികൾ ജീവിതകാലം മുഴുവൻ ഇക്കാര്യത്തിന് മുൻഗണന കൊടുക്കണം. പഠിക്കുന്ന സമയം മുതൽ വരുമാനവും സമ്പാദ്യവും ഉണ്ടാകണം.

എല്ലാ വിവാഹബന്ധങ്ങളും വേർപിരിയലിൽ കലാശിക്കുന്നില്ല. എന്നാൽ, സാമ്പത്തിക സ്വാതന്ത്ര്യം നേടിയാൽ സ്ത്രീകൾക്ക് ആത്മാഭിമാനവും സുരക്ഷിത്വവും സ്വാതന്ത്ര്യവും കൈവരും. സ്ത്രീകളുടെ സുരക്ഷിത ഭാവിയുടെ ശക്തമായ പില്ലറാണ് ഇക്കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യം.

കുട്ടിയായിരിക്കുമ്പോഴേ ബാങ്ക് അക്കൗണ്ട് വേണം. റിക്കറിംഗ് ഡെപ്പോസിറ്റ് നിർബന്ധമായും ആരംഭിക്കണം. ജോലികിട്ടിയിട്ട് തുടങ്ങാം എന്ന് വിചാരിക്കരുത്. എത്ര ചെറുതോ ആയിക്കൊള്ളട്ടെ ഒരു തുക സ്ഥിരമായി സമ്പാദിച്ച് എവിടെയെങ്കിലും നിക്ഷേപിക്കുന്ന ശീലം വളർത്തിയെടുത്താൽ മണി മാനേജ്‌മെന്റിൽ ജീവിത കാലം മുഴുവൻ അത് പ്രയോജനപ്പെടും.

ജോലി കിട്ടിക്കഴിഞ്ഞാൽ ശമ്പളത്തിന്റെ 10-20 ശതമാനമെങ്കിലും സമ്പാദ്യത്തിനായി മാറ്റിവെയ്ക്കണം. ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി, സ്വർണ നിക്ഷേപം തുടങ്ങിയ നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും ഇണങ്ങുന്ന ഏതെങ്കിലും മാർഗത്തിൽ സ്ഥിരമായി നിക്ഷേപം ആരംഭിക്കണം.

നിങ്ങളുണ്ടാക്കുന്ന വരുമാനത്തിന്റെ നിയന്ത്രണം ഒരിക്കലും മറ്റൊരാൾക്ക് പൂർണമായി കൈമാറരുത്. നിങ്ങളുടെ വരുമാനം കൈകാര്യം ചെയ്യേണ്ടത് നിങ്ങൾ തന്നെയാണ്. മാതാപിതാക്കളുടെയോ സഹോദരന്മാരുടെയോ ഭർത്താവിന്റെയോ ഉപദേശം തേടാം. പക്ഷേ, തീരുമാനം നിങ്ങളുടേതാവണം.

ഭർത്താവുമായി ചേർന്ന് നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ തെറ്റില്ല. നിങ്ങളുടെ സമ്പാദ്യം കൊണ്ടുള്ള നിക്ഷേപം പങ്കാളിയുടെ പേരിൽ മാത്രം തുടങ്ങരുത്. അത് രണ്ടുപേരുടെയും പേരിലാവണം

മാതാപിതാക്കൾ കാറും ആഭരണങ്ങളും സമ്മാനമായി പെൺകുട്ടികൾക്ക് നൽകുമ്പോൾ അതിൽ നിക്ഷേപവും ഇൻഷ്വറൻസ് പോളിസികളും മ്യൂച്വൽ ഫണ്ടുമൊക്കെ ഉൾപ്പെടുത്തണം. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ഇത്തരം സമ്മാനങ്ങൾ ഗുണം ചെയ്യും.

കെ.കെ ജയകുമാർ

പേഴ്‌സണൽ ഫിനാൻസ് അനിലിസ്റ്റും ഓൺട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ.

ഇ-മെയ്ൽ: jayakumarkk8@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360