SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ഇന്ത്യൻ ഇറക്കുമതി രംഗത്തിന് വെല്ലുവിളിയേറുന്നു

image

ക്രൂഡ്, ബുള്യൻ, വളം വരവിനെ ബാധിച്ചേക്കും

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുമ്പോൾ ഇന്ത്യയുടെ ഇറക്കുമതി രംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തിൽ പ്രസിഡന്റ് ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെ ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ, ബുള്യൻ, ഭക്ഷ്യ ഉത്പന്നങ്ങൾ, വളം, കെമിക്കലുകൾ എന്നിവയുടെ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചു. രണ്ട് ദിവസമായി ഹോർമുസ് ഇടനാഴിയിലൂടെ ഇന്ത്യയിലേക്കുള്ള ചരക്കുകപ്പലുകളൊന്നും കടന്നിട്ടില്ല. ഇടനാഴിയിൽ പ്രവേശിച്ചാൽ കപ്പൽ കത്തിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതി ഉത്പന്നങ്ങളിൽ 20 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.

ബദൽ മാർഗങ്ങളിലൂടെ ഇറക്കുമതി നടത്തിയാൽ ചെലവേറുമെന്നതാണ് പ്രധാന വെല്ലുവിളി. രാജ്യത്തെ മുൻനിര പൊതുമേഖല കമ്പനികളും റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, ടാറ്റ സൺസ് അടക്കമുള്ള സ്വകാര്യ ഗ്രൂപ്പുകളും ലാഭക്ഷതയിലുണ്ടാകുന്ന ഇടിവ് നേരിടാൻ തയ്യാറെടുപ്പ് തുടങ്ങി. ആഭ്യന്തര വിപണിയിൽ അസംസ്‌കൃത സാധനങ്ങളുടെയും ഇന്ധനത്തിന്റെ വില ഉയരുന്നതോടെ നാണയപ്പെരുപ്പ ഭീഷണിയും ശക്തമാകും.

ഹോർമുസ് ഇടനാഴിയിലെ ചരക്കുനീക്കം

രാജ്യത്തെ മൊത്തം ക്രൂഡോയിൽ ഇറക്കുമതിയിൽ 48 ശതമാനം ഹോർമുസ് ഇടനാഴിയിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ വർഷം 30 കോടി ഡോളറിന്റെ ഈന്തപ്പഴമാണ് ഇന്ത്യ ഇറക്കുമതി നടത്തിയത്. ഇതിൽ 93 ശതമാനം യു.എ.ഇ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ്. അസംസ്‌കൃത വെള്ളി, സ്വർണം എന്നിവയിൽ ഭൂരിഭാഗവും ഇതുവഴിയാണ് എത്തുന്നത്. ചരക്കുഗതാഗതത്തിലുണ്ടാകുന്ന തടസം രാജ്യത്തെ ആഭരണ നിർമ്മാണ രംഗത്തെയും വ്യാപാരത്തെയും നേരിട്ട് ബാധിക്കും.

മാനുഫാക്ചറിംഗ് മേഖലയ്ക്ക് വെല്ലുവിളി

ഓട്ടോമോട്ടീവ് കൂളന്റ്, പോളിയസ്‌റ്റർ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്‌തുവായ എതിലീൻ ഗ്ളൈക്കോൾ പൂർണമായും ഹോർമുസ് ഇടനാഴിയിലൂടെയാണ് എത്തുന്നത്. മെത്തനോൾ, പോളിമർ, പെട്രോകെമിക്കൽ തുടങ്ങിയവയും വലിയ തോതിൽ ഇതുവഴിയാണ് കൊണ്ടുവരുന്നത്. കാർഷിക മേഖലയിൽ വിപുലമായി ഉപയോഗിക്കുന്ന ഡയമോണിയം ഫോസ്‌ഫേറ്റ് സൗദിയിൽ നിന്നാണ് എത്തുന്നത്. ഇവയുടെ ചരക്കുനീക്കം തടസപ്പെടുന്നതോടെ ഇന്ത്യയിലെ കാർഷിക, വ്യവസായ രംഗങ്ങളിൽ കടുത്ത പ്രതിസന്ധിയുണ്ടായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360