SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.18 AM IST

യുദ്ധക്കെടുതിയിൽ കേരള കയറ്റുമതി മേഖല

veg-one

വിമാനത്താവളങ്ങളിലും തുറമുഖത്തും ചരക്ക് കെട്ടിക്കിടക്കുന്നു

കർഷകർക്കും കയറ്റുമതിക്കാർക്കും പ്രവാസികൾക്കും വെല്ലുവിളി

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ സംസ്ഥാനത്ത് നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നാല് വിമാനത്താവളങ്ങളും കൊച്ചി തുറമുഖവും വഴി പഴവും പച്ചക്കറിയും അരിയും ഉൾപ്പെടെ നിരവധി ഉത്പന്നങ്ങളാണ് യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റിൻ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് അയക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 4,500 കോടി രൂപയുടെ ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് കയറ്റുമതി നടത്തിയത്.

അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണത്തിനെ നേരിടാൻ ഗൾഫ് മേഖലയിലേക്ക് ചരക്ക് കടന്നുപാേകുന്ന ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതാണ് പ്രധാന വെല്ലുവിളി. യുദ്ധം തുടങ്ങിയതിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ പോകുന്ന പ്രതിദിന പച്ചക്കറി കയറ്റുമതി 45 ടണ്ണിൽ നിന്നും 10 ടണ്ണായി കുത്തനെ കുറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 200 ടണ്ണിലധികം പച്ചക്കറികളാണ് വിമാനങ്ങൾ മുടങ്ങിയതോടെ നശിച്ചത്. ഗൾഫിലേക്ക് അയക്കേണ്ട 40,000 കിലോഗ്രാമിലധികം പഴങ്ങളുടെ കയറ്റുമതിയും പ്രതിസന്ധിയിലായി. കപ്പൽ ഗതാഗതം മുടങ്ങിയതോടെ ചരക്കു കൈമാറ്റ കൂലിയിലുണ്ടായ വലിയ വർദ്ധനയും തിരിച്ചടിയായി.

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള പ്രതിദിന പഴം, പച്ചക്കറി കയറ്റുമതി

150 ടൺ

പെരുന്നാൾ ആഘോഷത്തിന് ചെലവേറും

കേരളത്തിൽ നിന്നുള്ള കയറ്റുമതി നിശ്ചലമായതോടെ ഇത്തവണ പ്രവാസികളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് ചെലവേറും. ഗൾഫ് മേഖലയിലെ ഭക്ഷ്യ ഉത്പന്നങ്ങളിൽ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. കപ്പൽ മാർഗത്തിലൂടെ ചരക്കു കൈമാറ്റം പൂർണമായി നിലച്ചതോടെ വിലക്കയറ്റം രൂക്ഷമാകുകയാണ്. ഉത്പന്ന ലഭ്യത ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതിന് സമയമെടുക്കുമെന്നാണ് വിലയിരുത്തുന്നത്.

ഗൾഫിലേക്കുള്ള പ്രധാന ഉത്പന്നങ്ങൾ

പച്ചക്കറികൾ, പഴങ്ങൾ, കശു അണ്ടി, സമുദ്രോത്പന്നങ്ങൾ, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കയർ, സ്വർണാഭരണങ്ങൾ

ജി.സി.സിയിലെ മലയാളി പ്രവാസികൾ

24 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360