SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.18 AM IST

വിലക്കയറ്റ കാലത്തിലേക്ക് ആഗോള വിപണികൾ

inflation

ക്രൂഡോയിൽ പ്രതിസന്ധി ഉത്പാദന, ഗതാഗത ചെലവ് കൂട്ടുന്നു

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ലോകം കടുത്ത വിലക്കയറ്റ കാലത്തിലേക്ക് നീങ്ങുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ ചരക്കു ഗതാഗതം പൂർണമായും നിലച്ചതോടെ ഇന്ധന ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയേറുകയാണ്. യുദ്ധം അതിവേഗം വ്യാപിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 93 ഡോളർ കവിഞ്ഞതാണ് ആശങ്ക രൂക്ഷമാക്കുന്നത്. ഉക്രെയിൻ യുദ്ധ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂഡോയിൽ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത കുതിപ്പുണ്ടായിട്ടില്ലെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയേക്കും. കഴിഞ്ഞ വാരം എണ്ണ വില 35 ശതമാനമാണ് ഉയർന്നത്. ക്രൂഡോയിൽ പ്രതിസന്ധി അവശ്യ സാധനങ്ങളുടെയും മെറ്റലുകളുടെയും കൺസ്യൂമർ ഉത്പന്നങ്ങളുടെയും ഉത്പാദന ചെലവ് വർദ്ധിപ്പിക്കുന്നതിനാൽ അധിക ബാദ്ധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതരാകും.

ഇന്ത്യയ്ക്ക് വെല്ലുവിളിയേറുന്നു

രാജ്യത്തിന് ആവശ്യമായ ക്രൂഡേോയിന്റെ അൻപത് ശതമാനത്തിലധികവും പ്രകൃതി വാതകത്തിന്റെ 80 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. യുദ്ധം നീണ്ടാൽ രാജ്യം കടുത്ത ബാലൻസ് ഒഫ് പേയ്‌മെന്റ് പ്രതിസന്ധി നേരിട്ടേക്കും. റഷ്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ നിന്ന് എണ്ണ എത്തിച്ചാലും ചെലവ് കൂടുന്നതും ചരക്കു നീക്കത്തിന് അധിക സമയമെടുക്കുന്നതുമാണ് പ്രധാന വെല്ലുവിളി. വിലക്കയറ്റം ഇറക്കുമതി നടത്തുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.

ഇന്ധന നിയന്ത്രണം

പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധന വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വഴിതെളിയുകയാണ്. ആഭ്യന്തര ഉപഭോക്താക്കളുടെ പ്രകൃതി വാതക വിതരണത്തിൽ പൊതുമേഖല കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, മറ്റ് ഉത്പാദന മേഖലകൾ എന്നിവയുടെ പ്രവർത്തനത്തെ നിയന്ത്രണങ്ങൾ ബാധിച്ചേക്കും.

രൂപയ്ക്ക് സമ്മർദ്ദം

വിദേശ നിക്ഷേപകർ പണം വലിയ തോതിൽ പിൻവലിക്കുന്നതും പ്രവാസി നിക്ഷേപത്തിലെ ഇടിവും ക്രൂഡോയിൽ വിലയിലെ കുതിപ്പും രൂപയുടെ നില പരുങ്ങലിലാക്കുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപ റെക്കാഡ് താഴ്ചയായ 92.16ലേക്ക് മൂക്കുകുത്തിയിരുന്നു. രൂപയുടെ മൂല്യയിടിവും നാണയപ്പെരുപ്പം ഉയർത്തും.

നിലവിലെ ബ്രെന്റ് ക്രൂഡിന്റെ വില

93.8 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360