SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

എണ്ണയിൽ ഇന്ത്യയ്ക്ക് ഒന്നും പേടിക്കാനില്ല

oil

രണ്ടു മാസത്തേക്ക് കരുതൽ ശേഖരം കൈയിൽ

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ക്രൂഡോയിൽ വരവ് പൂർണമായും നിലച്ചാലും ഇന്ധന രംഗത്ത് ഇന്ത്യയ്ക്ക് പേടിക്കാനില്ലെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യയുടെ കൈവശം 25 കോടി ബാരൽ ക്രൂഡോയിലും സംസ്‌കരിച്ച പെട്രോളിയം ഉത്പന്നങ്ങളുമാണ് സ്‌റ്റോക്കുള്ളത്. എട്ട് ആഴ്ച വരെ ഉപയോഗിക്കാവുന്ന 4,000 കോടി ലിറ്ററിന് തതുല്യമാണിത്. മാംഗ്ളൂർ, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിലായി 25 ദിവസത്തേക്കുള്ള കരുതൽശേഖരമുണ്ട്. ഇതുകൂടാതെ ഭൂമിക്ക് മുകളിലുള്ള ടാങ്കുകളിലും പൈപ്പ്‌ലൈനുകളിലും ഓഫ് ഷോർ വെസലുകളിലുമായി ഒരു മാസത്തേക്കുള്ള ഇന്ധനവുമുണ്ട്.

രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇന്ധന ആശ്രയത്വം വൈവിദ്ധ്യവൽക്കരിക്കാനായി എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ എണ്ണം പത്ത് വർഷത്തിനിടെ 27ൽ നിന്ന് 40 ആയി ഉയർത്തി. മൊത്തം ഇന്ധനത്തിന്റെ 40 ശതമാനം മാത്രമാണ് ഹോർമുസ് ഇടനാഴിയിലൂടെ എത്തുന്നത്.

റഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക, മദ്ധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് 60 ശതമാനം ഇന്ധനം എത്തുന്നത്.

റഷ്യ പ്രധാന പങ്കാളിയായി തുടരുന്നു

കഴിഞ്ഞ മാസത്തെ കണക്കുകളനുസരിച്ച് റഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലെത്തിയത്. മൂന്ന് വർഷമായി കടുത്ത ഭൗമ രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടായിട്ടും എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതി ഇന്ത്യ തേടിയിട്ടില്ല. ആഗോള വിപണിയിൽ സ്ഥിരത സൃഷ്‌ടിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം കണക്കിലെടുത്താണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്കൻ ട്രഷറി ഒരു മാസത്തെ ഇളവ് നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എത്തനോൾ മിശ്രണം നേട്ടമായി

പെട്രോളിനൊപ്പം 20 ശതമാനം എത്തനോൾ മിശ്രണം നടത്തിയതിലൂടെ പ്രതിവർഷം 4.4 കോടി ബാരൽ ക്രൂഡോയിലിന്റെ ഉപയോഗം കുറയ്ക്കാനായി.

ഇന്ത്യയുടെ പ്രതിവർഷ റിഫൈനിംഗ് ശേഷി

25.8 കോടി മെട്രിക് ടൺ

പ്രതിവർഷ ആഭ്യന്തര ഉപഭോഗം

23 കോടി മെട്രിക് ടൺ

പെട്രോൾ, ഡീസൽ വിലയിൽ സ്ഥിരത

നാല് വർഷമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറിയിട്ടില്ല. 2022 ഫെബ്രുവരിക്ക് ശേഷം ഡെൽഹിയിൽ പെട്രോൾ വിലയിൽ 0.7 ശതമാനം കുറഞ്ഞപ്പോൾ പാക്കിസ്ഥാനിൽ പെട്രോൾ വില 55 ശതമാനവും ജർമ്മനിയിൽ 22 ശതമാനവും ഉയർന്നു. ഉത്പാദന ചെലവിലെ നഷ്‌ടം പൊതുമേഖല എണ്ണ കമ്പനികൾ ഏറ്റെടുത്തതാണ് ഉപഭോക്താക്കൾക്ക് നേട്ടമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360