SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

സുരക്ഷിതത്വം തേടി നിക്ഷേപകർ ഡോളറിലേക്ക്

crude

ക്രൂഡോയിൽ വിലക്കുതിപ്പിൽ ആശങ്ക

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ സ്വർണത്തിന് പകരം സുരക്ഷിത നിക്ഷേപമെന്ന പദവി തിരിച്ചുപിടിച്ച് അമേരിക്കൻ ഡോളർ. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആക്രമണം കടുപ്പിച്ചതും ഗൾഫ് മേഖലയിൽ എണ്ണ ഉത്പാദനം പ്രതിസന്ധിയിലായതുമാണ് ക്രൂഡോയിൽ വിലയിൽ കുതിപ്പുണ്ടാക്കിയത്. ആക്രമണം നേരിടുന്നതിന്റെ ഭാഗമായി ലോകത്തിലെ മൊത്തം ഇന്ധന ചരക്കുനീക്കത്തിന്റെ 20 ശതമാനവും കൈകാര്യം ചെച്ചുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും വിക്കയറ്റം രൂക്ഷമാക്കി . നിലവിൽ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിന് അടുത്താണ്. ഇതോടെ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിലെ സ്വർണം വിറ്റഴിച്ച് ഡോളറിന്റെ അളവ് കൂട്ടി. മാർച്ചിൽ ഡോളർ സൂചികയിൽ രണ്ട് ശതമാനം വർദ്ധനയുണ്ടായി. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വവും ഡോണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും കഴിഞ്ഞ വർഷം ഡോളറിന്റെ മൂല്യത്തിൽ പത്ത് ശതമാനം ഇടിവുണ്ടാക്കിയിരുന്നു.

സ്ഥിരതയില്ലാതെ സ്വർണം

ഇറാൻ യുദ്ധം ആരംഭിച്ചതിനു ശേഷം സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമായത്. സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ മാർച്ച് ഒന്നിന് പവൻ വില 1,26,920 രൂപ വരെ ഉയർത്തതിന് ശേഷം തുടർച്ചയായി താഴേക്ക് നീങ്ങി. മാർച്ച് 23ന് ഒരവസരത്തിൽ പവൻ വില 99,480 രൂപ വരെ താഴ്ന്നിരുന്നു. രാജ്യാന്തര വില ഔൺസിന് 4,160 ഡോളറിലേക്ക് മൂക്കുകുത്തി. ഇറാനുമായി വെടിനിറുത്തൽ ഉടനുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ സ്വർണ വില വീണ്ടും തിരിച്ചുകയറി. നിലവിൽ രാജ്യാന്തര വില 4,676 ഡോളറിലും പവൻ വില 1,10,630 രൂപയിലുമാണ്.

സ്വർണം Vs ഡോളർ

ഡോളറിന്റെ കരുത്ത്

1. ലോകത്തിലെ ക്രൂഡോയിൽ വിൽപ്പന പ്രധാനമായും ഡോളർ അധിഷ്‌ഠിതമാണ്

2. നാണയപ്പെരുപ്പം ഉയരുന്നതിനാൽ അമേരിക്കയിൽ പലിശ കുറയാൻ ഇടയില്ല

3. ഇന്ധന ഇറക്കുമതി ബാദ്ധ്യത തീർക്കാൻ കേന്ദ്ര ബാങ്കുകൾ ഡോളർ വാങ്ങികൂട്ടുന്നു

4. ക്രൂഡോയിൽ കയറ്റുമതിയിൽ അമേരിക്ക പുതിയ താരമായതോടെ ഡോളറിന് പ്രിയമേറുന്നു

സ്വർണത്തിന്റെ ദൗർബല്യം

1. ലോകമെമ്പാടും പലിശ നിരക്ക് കൂടാനുള്ള സാദ്ധ്യത തിരിച്ചടിയാകുന്നു

2. നിക്ഷേപകർ ഉയർന്ന വരുമാനമുള്ള യു.എസ് ബോണ്ടിലേക്ക് പണം മാറ്റുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360