SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.25 AM IST

ആശ്വാസ തീരത്തിലേക്ക് സാമ്പത്തിക ലോകം

crude

ക്രൂഡോയിലും രൂപയും നേട്ടമാകുന്നു

കൊച്ചി: ക്രൂഡോയിലെ വിലയിലെ ഇടിവ് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമാകുന്നു. തുടർച്ചയായ രണ്ടാം ദിവസവും ക്രൂഡോയിൽ വില താഴ്ന്നതോടെ നിക്ഷേപകർ ഓഹരി വിപണിയിൽ വീണ്ടും സജീവമായി. ക്രൂഡ് വിലയിലെ കുതിപ്പ് ഉത്പാദന ചെലവ് ഗണ്യമായി ഉയർത്തിയതിനാൽ രാജ്യത്തെ കോർപ്പറേറ്റ് മേഖല ആശങ്കയിലായിരുന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 96 ഡോളറിലേക്കാണ് താഴ്ന്നത്.

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാദ്ധ്യത തെളിഞ്ഞതും ഗൾഫ് രാജ്യങ്ങൾ എണ്ണ ഉത്പാദനം സാധാരണ നിലയിലാക്കുമെന്ന പ്രതീക്ഷകളുമാണ് വില കുത്തനെ കുറയ്ക്കുന്നത്. ക്രൂഡോയിൽ വില കുറയുന്നതോടെ ലോകമെമ്പാടും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുമെന്ന വിലയിരുത്തലിൽ ഡാേളർ, യു.എസ് ബോണ്ടുകൾ എന്നിവ നിക്ഷേപകർ വലിയ തോതിൽ വിറ്റുമാറി. ഇതോടെ ലോകത്തെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായി.

ഇന്ധന വിലയിലെ ആശ്വാസത്തിനൊപ്പം ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ വീണ്ടും പണമൊഴുക്കിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഗണ്യമായി മെച്ചപ്പെട്ടു. ഇന്നലെ രൂപയുടെ മൂല്യം 0.5 ശതമാനം ഉയർന്ന് 94.25ൽ എത്തി.

വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു

ഇറാനും അമേരിക്കയുമായി വെടിനിറുത്തൽ കരാർ ഒപ്പുവെക്കാൻ സാദ്ധ്യത തെളിഞ്ഞതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് വീണ്ടും നിക്ഷേപമൊഴുക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും വിദേശ ഫണ്ടുകൾ വൻതോതിൽ ഓഹരികൾ വാങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നടപ്പുവർഷം ആദ്യ നാല് മാസങ്ങളിൽ 1.65 ലക്ഷം കോടി രൂപ പിൻവലിച്ചതിന് ശേഷമാണ് വിദേശ നിക്ഷേപകർ ആവേശത്തോടെ തിരിച്ചെത്തുന്നത്.

സ്വർണക്കുതിപ്പ് തുടരുന്നു

പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും ഉയർന്നു. ഇന്നലെ സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 40 ഡോളർ ഉയർന്ന് 4,736 ഡോളറിലെത്തി. കേരളത്തിൽ പവൻ വില രണ്ട് പ്രാവശ്യമായി 640 രൂപ ഉയർന്ന് 1,12,200 രൂപയിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360