SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

കത്തുന്ന ക്രൂഡിൽ വിയർത്ത് എണ്ണക്കമ്പനികൾ

crude

  • വിൽപ്പന നഷ്‌ടം കുതിച്ചുയരുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധക്കെടുതിയിൽ നിന്ന് ഇന്ത്യൻ ഉപഭോക്താക്കളെ സംരക്ഷിക്കാൻ പെട്രോൾ, ഡീസൽ വില വർദ്ധന ഒഴിവാക്കിയതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ വിൽപ്പന നഷ്‌ടം കുതിച്ചുയരുന്നു. ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ പെട്രോൾ, ഡീസൽ, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം എന്നിവ വിൽക്കുന്നതിലൂടെ പ്രമുഖ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികൾ പ്രതിദിനം 1,700 കോടി രൂപയുടെ നഷ്‌ടമാണ് നേരിടുന്നത്. രണ്ടര മാസത്തെ ഈ കമ്പനികളുടെ നഷ്‌ടം ഒരു ലക്ഷം കോടി രൂപ കവിഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ആഭ്യന്തര വിപണിയിൽ വിലക്കയറ്റം തടയുന്നതിന് ലക്ഷ്യമിട്ട് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർദ്ധനയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാത്തതാണ് എണ്ണകമ്പനികൾക്ക് തിരിച്ചടി. യുദ്ധം തുടങ്ങിയതിന് ശേഷം രാജ്യാന്തര വിപണിയിൽ ക്രൂഡിന് 50 ശതമാനം വിലവർദ്ധനയുണ്ടായെങ്കിലും ആഭ്യന്തര ഇന്ധന വില രണ്ട് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലാണ്. ക്രൂഡോയിൽ വില വർദ്ധനയ്ക്കൊപ്പം ലഭ്യത കുറഞ്ഞതും കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു.

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കുന്നു

മൂന്ന് മാസമായി രാജ്യത്തെ ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പരമാവധി ഉത്പാദന ശേഷിയിലാണ് കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികൾ പ്രവർത്തിക്കുന്നത്. ഹോർമുസ് ഇടനാഴി അടച്ചതോടെ ഗൾഫ് മേഖലയിൽ നിന്ന് ക്രൂഡോയിൽ വരവ് നിലച്ചതാണ് പ്രധാന തലവേദന. ഇതോടെ ഉയർന്ന വില നൽകി ക്രൂഡ് വാങ്ങാൻ കമ്പനികൾ നിർബന്ധിതരായി.

വില കൂട്ടിയേക്കും

എണ്ണക്കമ്പനികളുടെ പ്രതിസന്ധി മറികടക്കാൻ പെട്രോൾ, ഡീസൽ എന്നിവയുടെ വില നേരിയ തോതിൽ വർദ്ധിപ്പിച്ചേക്കും. പെട്രോൾ ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് എട്ട് രൂപയും കൂടാനാണ് സാദ്ധ്യത. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമുണ്ടായേക്കില്ല.

വില കൂട്ടി രാജ്യങ്ങൾ

ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ജപ്പാൻ മുതൽ യു.കെ വരെയുള്ള രാജ്യങ്ങളെല്ലാം പെട്രോൾ, ഡീസൽ വില 30 ശതമാനം വരെ വർദ്ധിപ്പിച്ചു.

പ്രതിദിന നഷ്‌ടം

1,700 കോടി രൂപ

പത്ത് ആഴ്ചയിലെ മൊത്തം നഷ്‌ടം

1,00,000 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360