
കൊച്ചി: ഉപഭോക്താക്കൾക്ക് വേഗമേറിയതും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മൊബൈൽ ഫോൺ കമ്പനിയായ കെ ഫോൺ ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കി. ഗൂഗിളിന്റെ വിവിധ സേവനങ്ങളിലേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള ബന്ധം ഇതിലൂടെ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
മികച്ച വീഡിയോ നിലവാരവും തടസരഹിതമായ സ്ട്രീമിംഗ് അനുഭവവും സംവിധാനം ഉറപ്പാക്കുന്നു. കെ ഫോണിന്റെ കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ ചേർത്തത്. ഉപഭോക്താക്കൾ വിപുലമായി ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങളുടെ ഉള്ളടക്കങ്ങൾ പ്രാദേശികമായി ലഭ്യമാക്കി ഡാറ്റാ ലഭ്യതയുടെ വേഗതയും സേവനനിലവാരവും മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
അത്യാധുനിക കാഷിംഗ്, ട്രാഫിക് ഒപ്‌റ്റിമൈസേഷൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡാറ്റാ ലാറ്റൻസി കുറയ്ക്കുന്നതിനും നെറ്റ്‌വർക്ക് ട്രാഫിക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഇന്റർനാഷണൽ ബാൻഡ്‌വിഡ്ത്ത് ഉപയോഗം കുറയ്ക്കുന്നതിനും സംവിധാനം സഹായിക്കും.
ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെയും സാങ്കേതിക നവീകരണങ്ങളുടെയും ഭാഗമായാണ് പുതിയ സംവിധാനം. ഇതിലൂടെ വീടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മികച്ച ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് കെ ഫോൺ അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |