ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാപാർട്ടി. രാജ്യമാണ് ഏറ്റവും പ്രധാനമെന്ന് എക്സിൽ കുറിച്ച സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ റാലിക്ക് ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു. അതേസമയം റാലിയിൽ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തിയിട്ടില്ല.
ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ അന്തഃസത്ത തകർത്തു. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒറു തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ നിഷ്പക്ഷത അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്ന് സി.ജെ.പിയുടെ പ്രസ്താവനയിൽ പറയുന്നു. അതിനാൽ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്ന് സി.ജെ.പി വ്യക്തമാക്കി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തുടരുമെന്നും എന്നാൽ ഒരേ ലക്ഷ്യമായതിനാൽ ഇന്ത്യ സഖ്യത്തെ എതിർക്കില്ലെന്നും ദിപ്കെ വ്യക്തമാക്കി.
നവംബർ ഒന്നിലെ റാലിയിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ഒന്നിന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ റാലി നടത്തുന്നതിന് നിബന്ധനകളോടെ ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ കോൺഗ്രസ് എം.പിമാരെ ഡൽഹിയിൽ തുടരാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |