
106 വിദ്യാർത്ഥികൾക്ക് സഹായം നൽകി
തിരുവനന്തപുരം: രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷം പഠനത്തിൽ മികച്ച നിലവാരം കാഴ്ചവെച്ച സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കായി ഏർപ്പെടുത്തിയ മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പാളയം സെന്റ്‌ജോർജ് ഹാളിൽ നടന്ന ചടങ്ങ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമേഖലയെ പ്രോത്സാഹിപ്പിക്കുന്ന മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്ന് വി. വി. രാജേഷ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 53 സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള എട്ട്, ഒൻപത് ക്ലാസുകളിലെ 106 മിടുക്കരായ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്. ഓരോ വിദ്യാർത്ഥിക്കും 3000 രൂപ ക്യാഷ് പ്രൈസും മെമന്റോയുമാണ് നൽകിയത്.
കേരളത്തിനു പുറമെ ചെന്നൈ, മധുരൈ, മംഗലാപുരം, ബംഗളൂരൂ, ഹൈദരാബാദ്, മുംബയ്, കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങളിലും എക്‌സലൻസ് അവാർഡുകൾ നൽകുന്നുണ്ട്.
വിദ്യാഭ്യാസത്തിന് ജീവിതങ്ങളെ മാറ്റിമറിക്കാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ശക്തമായ സമൂഹം രൂപപ്പെടുത്താനുമാകുമെന്ന് ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. മികച്ച അക്കാദമിക മികവും അർപ്പണബോധവും പ്രകടിപ്പിച്ച യുവ വിദ്യാർത്ഥികളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡ് ലക്ഷ്യമിടുന്നത്.
കോവളം എം.എൽ.എ എം. വിൻസന്റ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, റവ. മാത്യൂ എബ്രഹാം കോർ എപ്പിസ്‌കോപ്പ, ഡോ. ഡാർലി ഉമ്മൻകോശി (മുൻ ഡയറക്ടർ, എൻ.ഐ.ഡി.), ജോർജ് തോമസ് (ട്രസ്റ്റി, സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ, പാളയം), എലിസബത്ത് ജേക്കബ് (ഡയറക്ടർ, ദി മുത്തൂറ്റ് ഗ്രൂപ്പ്) തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |