
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളും മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ഫാം എക്യുപ്മെന്റ് ബിസിനസ് ഉത്പാദനത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. കമ്പനിയുടെ പ്ലാന്റുകളിൽ നിന്നുള്ള ആകെ ട്രാക്ടർ ഉത്പാദനം ചരിത്രത്തിലാദ്യമായി 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും യന്ത്രവത്കരണവും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ മഹീന്ദ്ര ഗ്രൂപ്പ് കൈവരിച്ച മുന്നേറ്റത്തിന്റെ തെളിവാണ് ഈ നേട്ടം. ട്രാക്സ്റ്റാർ, ഹിന്ദുസ്ഥാൻ ട്രാക്ടറുകളുടെ നിർമ്മാതാക്കളായ ഗ്രോമാക്സ്, മഹീന്ദ്ര ട്രാക്ടേഴ്സ്, സ്വരാജ് ട്രാക്ടേഴ്സ് എന്നീ മൂന്ന് പ്രമുഖ ബ്രാൻഡുകൾക്ക് കീഴിലാണ് മഹീന്ദ്ര ഫാം എക്യുപ്മെന്റ് ബിസിനസിന്റെ ഉത്പ്പന്നങ്ങൾ പ്രധാനമായും വിപണിയിലെത്തിക്കുന്നത്. 350ലധികം വൈവിധ്യമാർന്ന ട്രാക്ടർ മോഡലുകളും കാർഷികാവശ്യങ്ങൾക്കുള്ള സ്വയം നിയന്ത്രിത യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും കമ്പനി വിപണിയിൽ ഇറക്കുന്നുണ്ട്. 1963ൽ പ്രവർത്തനം ആരംഭിച്ച മഹീന്ദ്ര ട്രാക്ടേഴ്സ് നിലവിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ട്രാക്ടർ ബ്രാൻഡാണ്. മുംബൈ, നാഗ്പൂർ, സഹീറാബാദ്, രുദ്രാപൂർ, ജയ്പൂർ, രാജ്കോട്ട് എന്നിവിടങ്ങളിലാണ് പ്രധാന നിർമ്മാണ പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിലാണ് അത്യാധുനിക ഗവേഷണ വികസന വിഭാഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |