
കൈവശമുള്ള സ്വർണത്തിന് ഇരട്ടിമൂല്യമായി
കൊച്ചി: ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക്(ആർ.ബി.ഐ) വിദേശനാണയ ശേഖരത്തിൽ ഡോളർ ഒഴിവാക്കി സ്വർണത്തിന്റെ അളവ് കൂട്ടുന്നു. രണ്ടുവർഷത്തിനിടെ 61.5 ടൺ സ്വർണം വാങ്ങിയതും രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഉയർന്നതും ആർ.ബി.ഐയുടെ സ്വർണശേഖരത്തിന്റെ മൂല്യം റെക്കാഡ് ഉയരമായ 11,582 കോടി ഡോളറിലെത്തിച്ചു. വിദേശനാണയ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം ഒരു വർഷത്തിനിടെ 12ൽ നിന്ന് 17 ശതമാനമായി ഉയർന്നു. 2015ൽ 557.18 ടൺ മാത്രമായിരുന്ന സ്വർണശേഖരം ഇപ്പോൾ 880.52 ടണ്ണാണ്.
2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനുശേഷമാണ് കേന്ദ്രബാങ്കുകൾ ഡോളറിന് പകരം സ്വർണം കരുതൽ ആസ്തിയായി വർധിപ്പിക്കുന്ന പ്രവണത ശക്തമായത്. ഇക്കാലയളവിൽ പോളണ്ട് 353 ടണ്ണും ചൈന 245 ടണ്ണും സ്വർണശേഖരത്തിൽ കൂട്ടിച്ചേർത്തു. ഏറ്റവും വലിയ സ്വർണശേഖരമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇക്കാലയളവിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,000 ഡോളറിൽ നിന്ന് 4,140 ഡോളറിലേക്കാണ് ഉയർന്നത്. നടപ്പുവർഷംജനുവരി28ന് വില ഔൺസിന് 5,590 ഡോളർ വരെ കുതിച്ചതിനു ശേഷമാണ് യുദ്ധ കാലത്ത് ഇടിവ് നേരിട്ടത്.
സ്വർണ ശേഖരത്തിലെ വമ്പൻമാർ
രാജ്യം ശേഖരം(ടണ്ണിൽ)
അമേരിക്ക : 8,133
ജർമ്മനി 3,352
ഇറ്റലി 2,452
ഫ്രാൻസ് 2,437
റഷ്യ 2,333
ചൈന 2,313
സ്വിറ്റ്സർലൻഡ് 1,040
ഇന്ത്യ 880
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |