
വിപണിയിൽ വിദേശ നിക്ഷേപ പണമൊഴുക്ക്
വാങ്ങൽ മൂഡിൽ വിദേശ ഫണ്ടുകൾ
കൊച്ചി: തുടർച്ചയായ രണ്ടാം മാസവും രാജ്യത്തെ ഓഹരി വിപണിയിലേക്ക് വിദേശ ഫണ്ടുകളുടെ പണമൊഴുക്ക്. ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനഫലങ്ങളിലെ പുരോഗതിയും രൂപയുടെ മൂല്യത്തിലെ സ്ഥിരതയും ആഗോള വിപണിയിലെ നിക്ഷേപ പ്രവണതകളിലെ മാറ്റങ്ങളുമാണ് വിദേശ പോർട്ട്‌ഫോളിയോ സ്ഥാപനങ്ങളെ(എഫ്.പി.ഐ) വീണ്ടും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. ആഗസ്‌റ്റിൽ 30,919 കോടി രൂപയുടെ നെറ്റ് നിക്ഷേപമാണ് വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ നടത്തിയത്. ജൂലായിൽ വിദേശ നിക്ഷേപകർ 20,200 കോടി രൂപ നിക്ഷേപിച്ചിരുന്നു. തുടർച്ചയായ നാല് മാസത്തെ വിൽപ്പനയ്ക്ക് ശേഷമാണ് വിദേശ നിക്ഷേപകർ വാങ്ങൽ മൂഡിലേക്ക് മാറിയത്.
മാർച്ചിൽ 1.17 ലക്ഷം കോടി രൂപയും ഏപ്രിലിൽ 60,847 കോടി രൂപയും മേയിൽ 32,963 കോടി രൂപയും ജൂണിൽ 49,340 കോടി രൂപയും വിദേശ ഫണ്ടുകൾ പിൻവലിച്ചിരുന്നു. എന്നാൽ നടപ്പുവർഷത്തെ മൊത്തം കണക്കുകളനുസരിച്ച് വിദേശ നിക്ഷേപകർ 2.23 ലക്ഷം കോടി രൂപയുടെ നെറ്റ് വിൽപ്പനയാണ് നടത്തിയത്.
ആഗോള വിപണിയിൽ എ.ഐ, സെമികണ്ടക്‌ടർ മേഖലകളിൽ കേന്ദ്രീകരിച്ചിരുന്ന നിക്ഷേപത്തിൽ മാറ്റമുണ്ടായതും ഇന്ത്യയ്ക്ക് അനുകൂലമായി. വിദേശ പണമൊഴുക്ക് ശക്തമായതോടെ രൂപയ്ക്ക് സ്ഥിരത പകർന്നു. എൻ.ആർ.ഐ നിക്ഷേപങ്ങളിലും മറ്റ് വിദേശ മൂലധന ഒഴുക്കുകളും ശക്തമായതോടെ ആഗസ്‌റ്റ് 21ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 72,933 കോടി ഡോളറിലെത്തി.
കഴിഞ്ഞ മാസങ്ങളിലെ വിദേശ നിക്ഷേപം
മാർച്ച്:: -1.17 ലക്ഷം കോടി രൂപ
ഏപ്രിൽ: -60,847 കോടി രൂപ
മേയ്: - 32,963 കോടി രൂപ
ജൂൺ: -49,340 കോടി രൂപ
ജൂലായ്: 20,200 കോടി രൂപ
ആഗസ്റ്റ്: 30,919 കോടി രൂപ
നടപ്പുവർഷം ഇതുവരെ വിദേശ നിക്ഷേപകർ പിൻവലിച്ച തുക
2.23 ലക്ഷം കോടി രൂപ
വിപണി ചലനങ്ങളെ ബാധിക്കുന്നത്
യു.എസ്-ഇറാൻ രാഷ്‌ട്രീയ സംഘർഷങ്ങൾ
ക്രൂഡോയിൽ വിലയിലെ ചലനങ്ങൾ
ഡോളറിനെതിരെ രൂപയുടെ മൂല്യവ്യതിയാനം
കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ
യു.എസ് ഫെഡറൽ റിസർവ് പലിശതീരുമാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |