SignIn
Kerala Kaumudi Online
Tuesday, 08 September 2026 11.24 PM IST

ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി ഏറ്റെടുത്ത് യു.എസ്.ടി

ust

വാഹന ഡിസൈൻ, എൻജിനീയറിംഗ്, എ.ഐ സംയോജനത്തിന് പുതിയ നീക്കം

തിരുവനന്തപുരം: ഓട്ടോമൊബൈൽ ഡിസൈൻ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇറ്റാൽഡിസൈനിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി പ്രമുഖ എ.ഐ, ടെക്നോളജി ട്രാൻസ്‌ഫർമേഷൻ കമ്പനിയായ യു.എസ്.ടി. ഔഡി ഗ്രൂപ്പിന്റെ മുൻ ഉടമസ്ഥതയിലുണ്ടായിരുന്ന ഇറ്റാൽഡിസൈനിന്റെ ഡിസൈൻ, എൻജിനീയറിംഗ് വൈദഗ്ദ്ധ്യവും യു.എസ്.ടിയുടെ എ.ഐ, സോഫ്റ്റ്‌വെയർ, ഡിജിറ്റൽ എൻജിനീയറിംഗ് മികവും സംയോജിപ്പിക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്.

വാഹന വ്യവസായം കൂടുതൽ എ.ഐ, സോഫ്റ്റ്‌വെയർ അധിഷ്ഠിതമാകുന്ന സാഹചര്യത്തിൽ പുതിയ തലമുറ വാഹനങ്ങളുടെ വികസനം വേഗത്തിലാക്കാൻ പങ്കാളിത്തം സഹായിക്കുമെന്ന് യു.എസ്.ടി അറിയിച്ചു. ആശയം മുതൽ ഡിസൈൻ, എൻജിനീയറിംഗ്, ഉത്പാദനം വരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വാഹനനിർമാതാക്കൾ നേരിടുന്ന സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കാനും ഇരു കമ്പനികളുടെയും ശേഷികൾ പ്രയോജനപ്പെടുത്തും.

ആറ് പതിറ്റാണ്ടായി വാഹന ഡിസൈൻ, എൻജിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഇറ്റാൽഡിസൈൻ നിരവധി ശ്രദ്ധേയമായ വാഹനങ്ങളുടെ രൂപകൽപ്പനയിൽ പങ്കാളിയായിട്ടുണ്ട്. എ.ഐ, ഡിജിറ്റൽ എൻജിനീയറിംഗ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ യു.എസ്.ടിയുടെ വൈദഗ്ദ്ധ്യവുമായി ഇറ്റാൽഡിസൈനിന്റെ ഡിസൈൻ അനുഭവസമ്പത്ത് ചേരുന്നതോടെ സ്മാർട്ട്, കണക്റ്റഡ് വാഹന ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും ആഗോള വിപണിയിലെത്തിക്കുന്നതിനും കൂടുതൽ അവസരമൊരുങ്ങും.

ഇറ്റാൽഡിസൈനിന്റെ സാങ്കേതിക മികവിനൊപ്പം ജീവനക്കാരുടെ കഴിവും ദീർഘകാല പാരമ്പര്യവും മികച്ച ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റാനുള്ള ശേഷിയുമാണ് ഏറ്റെടുക്കലിന്റെ പ്രധാന ആകർഷണമെന്ന് യു.എസ്.ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജയ് പത്മനാഭൻ പറഞ്ഞു. ഭാവിയിലെ വാഹനമേഖലയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇരു കമ്പനികളുടെയും മികവ് സംയോജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസൈൻ, എൻജിനീയറിംഗ്, സോഫ്റ്റ്‌വെയർ, എ.ഐ എന്നിവ ഒരുമിച്ച് നൽകാൻ കഴിയുന്ന പങ്കാളികളെയാണ് വാഹനനിർമ്മാതാക്കൾ തേടുന്നതെന്ന് യു.എസ്.ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിൽറോയ് മാത്യു പറഞ്ഞു. ഇറ്റാൽഡിസൈനുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ആശയം മുതൽ ഉത്പന്നം വരെയുള്ള പ്രക്രിയ കൂടുതൽ വേഗത്തിലാക്കാൻ ഉപഭോക്താക്കളെ സഹായിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360