
ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം അതിവേഗ വളർച്ചയിലാണ്. സാധാരണക്കാരായ നിക്ഷേപകരുടെ സാമ്പത്തിക സമീപനത്തിലെ ഗുണപരമായ മാറ്റമാണ് നേട്ടമാകുന്നത്. 2014ൽ കേവലം 10 ലക്ഷം കോടി രൂപയായിരുന്ന മ്യൂച്വൽ ഫണ്ട് ആസ്തി (അസറ്റ് അണ്ടർ മാനേജ്‌മെന്റ്) 2021 ആഗസ്‌റ്റിൽ 36.56 ലക്ഷം കോടിയായും 2026 ആഗസ്റ്റിൽ 87.8 ലക്ഷം കോടി രൂപയായും കുതിച്ചുയർന്നു. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ (എ.എം.എഫ്.ഐ) കണക്കനുസരിച്ച് കുടുംബങ്ങളുടെ മൊത്തം സാമ്പത്തിക ആസ്തിയിൽ മ്യൂച്വൽ ഫണ്ട് വിഹിതം 2021ലെ 7.6 ശതമാനത്തിൽ നിന്ന് 2025ൽ 11.7 ശതമാനമായി വർദ്ധിച്ചു. റിയൽ എസ്റ്റേറ്റ്, സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് ആളുകൾ വിപണി അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് മാറുകയാണ്.
എസ്.ഐ.പിയുടെ കരുത്ത്
ചെറുകിട നിക്ഷേപകർക്ക് ലളിതമായി വിപണിയിലേക്ക് കടന്നുവരാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്.ഐ.പി) സഹായിക്കുന്നു. ചെറിയ തുകകൾ കൃത്യമായ ഇടവേളകളിൽ നിക്ഷേപിച്ച് ദീർഘകാലയളവിൽ വലിയ സമ്പാദ്യം സൃഷ്ടിക്കാൻ എസ്.ഐ.പി അവസരമൊരുക്കുന്നു. മ്യൂച്വൽ ഫണ്ടുകളുടെ ജനപ്രിയതയ്ക്ക് മറ്റൊരു കാരണം സമീപകാലങ്ങളിൽ ഇന്ത്യൻ സാമ്പത്തിക വിപണിയിൽ നിക്ഷേപ അവബോധം വർദ്ധിച്ചതാണ്. 2026 ജൂലായിൽ എസ്.ഐ.പി വഴി സമാഹരിച്ചത് 31,961 കോടി രൂപയാണ്.
അവബോധം കൂടുന്നു
ഫിനാൻഷ്യൽ പ്ലാനിംഗ്, റിട്ടയർമെന്റ് പ്ലാനിംഗ്, വെൽത്ത് ക്രിയേഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ആളുകൾ കൂടുതൽ ഊന്നൽ നൽകുന്നു. സാമ്പത്തിക സാക്ഷരതക്കൊപ്പം ഡിജിറ്റൽ മുന്നേറ്റവും സഹായമായി. സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ആപ്പുകൾ എന്നിവയിലൂടെ നിക്ഷേപ പ്രക്രിയ ലളിതമായി. എന്നിരുന്നാലും രാജ്യത്തെ നിലവിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. വരുംവർഷങ്ങളിൽ ഈ രംഗത്ത് വൻ വളർച്ചാ സാദ്ധ്യ തയാണുള്ളത്.
സാമ്പത്തിക ഭദ്രതയിലേക്ക് ഒരു വഴി
പണം സമ്പാദിക്കുന്നതിനപ്പുറം പണപ്പെരുപ്പത്തെ മറികടക്കാൻ സമ്പാദ്യം വളർത്തുകയെന്നതാണ് സാമ്പത്തിക ഭദ്രതയിലേക്കുള്ള വഴി. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും റിട്ടയർമെന്റിനു ശേഷം ജീവിതം സുരക്ഷിതമാക്കാനും വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മാസംതോറും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഓരോ കുടുംബവും തയ്യാറാകേണ്ടതുണ്ട്.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ദ്ധയാണ് ലേഖിക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |