
സെപ്തംബറിലെ വരുമാനം ₹2.04 ലക്ഷം കോടി
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങൾക്കിടെ ഇറക്കുമതി ചെലവിലെ വർദ്ധനയുടെ കരുത്തിൽ സെപ്തംബറിൽ ഇന്ത്യയുടെ ചരക്കു സേവന നികുതി(ജി.എസ്.ടി) വരുമാനത്തിൽ മികച്ച കുതിപ്പ്. ആഭ്യന്തര ജി.എസ്.ടി 10.1 ശതമാനം ഉയർന്ന് 1.38 ലക്ഷം കോടി രൂപയും ഇറക്കുമതി വരുമാനം 25.9 ശതമാനം വളർച്ചയോടെ 65,525 കോടി രൂപയിലുമെത്തി. ക്രൂഡോയിൽ വിലയിലെ കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതി ചെലവ് കൂടിയതാണ് ജി.എസ്.ടി വരുമാനത്തിലും പ്രതിഫലിച്ചു.
സെപ്തംബറിൽ മൊത്തംജി.എസ്.ടി 14.7 ശതമാനം ഉയർന്ന് 2.04 ലക്ഷം കോടി രൂപയിലെത്തി. അറ്റ ജി.എസ്.ടി ഇക്കാലയളവിൽ 18.1 ശതമാനം ഉയർന്ന് 1,76,520 കോടി രൂപയായി. അതേസമയം സെപ്തംബറിൽ റീഫണ്ട് മൂന്ന് ശതമാനം കുറഞ്ഞ് 27,001 കോടി രൂപയായി. കഴിഞ്ഞ മാസം കേന്ദ്ര സർക്കാരിന്റെ നികുതി വിഹിതം 37,762 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതം 45,362 കോടി രൂപയുമാണ്. സംയോജിത നികുതി വരുമാനം 1,20,396 കോടി രൂപയാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസക്കാലയളവിലെ മൊത്തം ജി.എസ്.ടി വരുമാനം 11.6 ശതമാനം വർദ്ധിച്ച് 12,46,278 കോടി രൂപയിലെത്തി.
ജി.എസ്.ടിയിൽ തിളങ്ങി കേരളം
സെപ്തംബറിൽ കേരളത്തിലെ ജി.എസ്.ടി വരുമാനം 11 ശതമാനം ഉയർന്ന് 3,328 കോടി രൂപയായി. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് വരുമാനത്തിൽ ഒന്നാമത്. മഹാരാഷ്ട്രയുടെ ജി.എസ്.ടി വരുമാനം 15 ശതമാനം ഉയർന്ന് 29,986 കോടി രൂപയായി. കർണാടകയുടെ വരുമാനം 16 ശതമാനം ഉയർന്ന് 13,884 കോടി രൂപയിലെത്തി. ഗുജറാത്തിന്റെ ജി.എസ്.ടി വരുമാനം 17 ശതമാനം ഉയർന്ന് 12,222 കോടി രൂപയിലെത്തി.
വളർച്ചാ നിരക്കിൽ അസം
വലിയ സംസ്ഥാനങ്ങളിൽ അസമാണ് വളർച്ചാ നിരക്കിൽ ഒന്നാമത്. അസമിന്റെ ജി.എസ്.ടി വരുമാനം കഴിഞ്ഞ മാസം 88 ശതമാനം ഉയർന്ന് 2,415 കോടി രൂപയായി. മണിപ്പൂർ, അരുണാചൽ, നാഗാലാൻഡ് എന്നിവയും മികച്ച വളർച്ച നേടി. ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവയുടെ ജി.എസ്.ടി വരുമാനത്തിൽ 18 ശതമാനം വീതം വർദ്ധനയുണ്ട്.
തമിഴ്നാടിന് വരുമാന ഇടിവ്
സെപ്തംബറിൽ തമിഴ്നാടിന്റെ ജി.എസ്.ടി വരുമാനം അഞ്ച് ശതമാനം കുറഞ്ഞ് 10,188 കോടി രൂപയായി. ഗോവയുടെ വരുമാനം ഏഴ് ശതമാനം താഴ്ന്ന് 494 കോടി രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |