
പലിശ കൂട്ടാൻ റിസർവ് ബാങ്ക്
കൊച്ചി: ബാങ്കുകളിൽ നിന്ന് വിവിധ വായ്പകൾ എടുത്ത ഉപഭോക്താക്കൾക്ക് വരും മാസങ്ങളിൽ പ്രതിമാസ തിരിച്ചടവ് തുകയിൽ(ഇ.എം.ഐ) അധിക ഭാരം വന്നേക്കും. ക്രൂഡ് വിലയിലെ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും സൃഷ്‌ടിക്കുന്ന നാണയപ്പെരുപ്പ സമ്മർദ്ദം നേരിടാൻ റിസർവ് ബാങ്ക് അടുത്ത വാരം റിപ്പോ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയാണ് വായ്പയെടുത്തവരെ ആശങ്കയിലാക്കുന്നത്. ഒക്ടോബർ അഞ്ച് മുതൽ ഏഴ് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി 5.5 ശതമാനമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരിൽ ഭൂരിഭാഗവും വിലയിരുത്തുന്നത്. നിലവിൽ റിപ്പോ 5.25 ശതമാനമാണ്. ഇതോടെ റിപ്പോയുമായി ബന്ധിപ്പിച്ച ഫ്ളോട്ടിംഗ് നിരക്കിലുള്ള ഭവന, വാഹന. വ്യക്തിഗത, കാർഷിക, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരം ഉയരാൻ സാദ്ധ്യതയുണ്ട്. വായ്പയുടെ വ്യവസ്ഥകൾ അനുസരിച്ച് ബാങ്കുകൾ ഇ.എം.ഐ തുക ഉയർത്തുകയോ തിരിച്ചടവ് കാലാവധി കൂട്ടുകയോ ചെയ്യാം.
വിപണിയിലെ ഉയർന്ന പണലഭ്യതയും കേന്ദ്ര ബാങ്കുകൾ പലിശ ഉയർത്തുന്നതും കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വർഷം റിപ്പോ നിരക്കിൽ അര ശതമാനം വരെ വർദ്ധനയുണ്ടാകുമെന്ന് എസ്.ബി.ഐ റിസർച്ച് അടക്കമുള്ള സ്ഥാപനങ്ങൾ പറയുന്നു.
റിസർവ് ബാങ്കിന്റെ വെല്ലുവിളി
1. നാണയപ്പെരുപ്പ ഭീഷണി ശക്തം
2. ക്രൂഡ് വില ഉയർന്ന തലത്തിൽ
3. രൂപയുടെ മൂല്യത്തകർച്ച
4. ആഗോള പലിശ സമ്മർദ്ദം
പലിശ ഉയർന്നാൽ എന്ത് സംഭവിക്കും?
പലിശ കൂടുന്നതോടെ വായ്പാ ചെലവ് ഉയരുമെന്നതിനാൽ ഉപഭോഗവും വായ്‌പാ ആവശ്യകതയും നിയന്ത്രിക്കാനാകും. വിലക്കയറ്റം കുറയ്ക്കുന്നതിനൊപ്പം രൂപയിലെ സമ്മർദ്ദവും നിയന്ത്രിക്കാനാണ് നിരക്ക് വർദ്ധനയിലൂടെ ലക്ഷ്യമിടുന്നത്.
ഇ.എം.ഐ എത്ര കൂടും?
ബാങ്കുകൾ 50 ലക്ഷം രൂപയുടെ 20 വർഷ കാലാവധിയിലുള്ള ഭവന വായ്പയുടെ പലിശ 8 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി വർദ്ധിപ്പിച്ചാൽ ഇ.എം.ഐ 41,822 രൂപയിൽ നിന്ന് 42,603 രൂപയായി ഉയരും. അതായത് പ്രതിമാസം ഏകദേശം 781 രൂപയുടെ അധിക ബാദ്ധ്യത ഉപഭോക്താവിന് ഉണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |