ലണ്ടൻ: കൊലപാതകക്കേസിൽ പ്രതിയായ മകനെ രക്ഷിക്കാൻ കൊലയ്ക്കുപയോഗിച്ച ആയുധം ഒളിപ്പിച്ചതിന് ഇന്ത്യൻ വംശജയ്ക്ക് ബ്രിട്ടനിൽ തടവുശിക്ഷ. സത്താംപ്‌ടണിൽ 18കാരനായ ഹെൻറി നൊവാക്കിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിഖുക്കാരനായ വിക്രം ദിഗ്വയുടെ (23) മാതാവ് കിരൺ കൗറിനാണ് (53) മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചത്. സത്താംപ്‌ടൺ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് മാറ്റി തെളിവ് നശിപ്പിച്ചതാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കഴിഞ്ഞ ഡിസംബർ മൂന്നിന് രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന ഹെൻറിയെ വിക്രം കുത്തികൊലപ്പെടുത്തുകയായിരുന്നു. കേസിൽ വിക്രമിന് ജീവപര്യന്തം തടവ് ലഭിച്ചിരുന്നു. എന്നാൽ ശിക്ഷ കുറവാണെന്ന പരാതിയിൽ കേസ് അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.
കൊലയ്ക്കുശേഷം വിക്രം കൈമാറിയ കത്തി കിരൺ മകന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന മറ്റ് ആയുധങ്ങൾക്കിടയിൽ ഒളിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കത്തിക്ക് പുറമെ ഇരുപതിലധികം ആയുധങ്ങളാണ് മുറിയിലുണ്ടായിരുന്നത്. കൊല നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് കത്തി കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചത്.
എസെക്സിലെ ചാഫോർഡ് ഹണ്ട്രഡിൽ നിന്നുള്ള ഹെൻറി സതാംപ്ടൺ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. മദ്യപിച്ച ശേഷം തന്റെ താമസസ്ഥലത്തേക്ക് തിരികെ നടക്കുന്നതിനിടെയാണ് കൊല നടന്നത്.
യുവാവിന് അഞ്ച് തവണ കുത്തേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. നടന്നുപോകുന്നതിനിടെ വിക്രമും ഹെൻറിയും പരസ്‌പരം മുട്ടിയെന്നും തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലയ്ക്ക് കാരണമെന്നുമാണ് വിവരം.
ഹെൻറി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും സ്വയരക്ഷയ്ക്കായാണ് കുത്തിയതെന്നും വിക്രം പൊലീസിനോട് കള്ളം പറഞ്ഞിരുന്നു. ഇതുവിശ്വസിച്ച പൊലീസ് മരണത്തോട് മല്ലിടുകയായിരുന്ന ഹെൻറിയെ വിലങ്ങണിയിച്ചു. തുടർന്ന് വിദ്യാർത്ഥി മരിച്ചു. ഇത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പരസ്യമായി മാപ്പുപറഞ്ഞു.
An Indian-origin woman in the UK has been sentenced to three years in prison for hiding the knife used in a murder to help her son, the accused. She was convicted of destroying evidence in the killing of 18-year-old Henry Nowak. Her son, Vikram Digwa, is the main suspect in the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |