ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്കായി 114 റഫാൽ മൾട്ടി-റോൾ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ സുപ്രധാന നിർദേശവുമായി ഫ്രാൻസ്. ഏകദേശം 3.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന പ്രതിരോധ കരാറിന്റെ വിശദമായ സാങ്കേതിക-വാണിജ്യ നിർദേശമാണ് ഫ്രാൻസ് ഇന്ത്യയ്‌ക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ അക്വിസിഷൻ വിഭാഗവും ഇന്ത്യൻ വ്യോമസേനയും നിർദേശം പരിശോധിച്ചുവരികയാണ്.
ഇക്കഴിഞ്ഞ മേയിൽ ഇന്ത്യ ഫ്രാൻസിന് അയച്ച 'ലെറ്റർ ഒഫ് റിക്വസ്റ്റിന്' മറുപടിയായാണ് ഫ്രാൻസ് നിർദേശം സമർപ്പിച്ചിരിക്കുന്നത്. പ്രാദേശിക നിർമ്മാണം, സാങ്കേതിക വിദ്യ കൈമാറ്റം, കൂടുതൽ തദ്ദേശീയ ഘടകങ്ങളുടെ ഉപയോഗം എന്നിവയ്‌ക്കാണ് നിർദേശത്തിൽ പ്രധാന പരിഗണന നൽകിയിരിക്കുന്നത്. 114 റഫാൽ വിമാനങ്ങളിൽ 94 എണ്ണവും ഇന്ത്യയിൽതന്നെ നിർമ്മിക്കാനാണ് ഫ്രാൻസിന്റെ പദ്ധതി. ഇതിനായി ഒരു ഇന്ത്യൻ വ്യവസായ പങ്കാളിയുമായി സഹകരിച്ചായിരിക്കും നിർമ്മാണം. ഡസോൾട്ട് ഏവിയേഷൻ, എംബിഡിഎ, സാഫ്രാൻ, താലസ് തുടങ്ങിയ പ്രമുഖ ഫ്രഞ്ച് പ്രതിരോധ കമ്പനികളും പദ്ധതിയുടെ ഭാഗമാകും.
ഇതിലൂടെ ഇന്ത്യയുടെ വ്യോമയാന-പ്രതിരോധ നിർമ്മാണ മേഖലയ്‌ക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ടാറ്റ, ലാർസൻ ആന്റ് ടൂബ്രോ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് വലിയ തോതിൽ അവസരങ്ങൾ ലഭിക്കും. ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ വ്യവസായ അവസരങ്ങൾ ഇതിലൂടെ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ പറയുന്നത്.
അതേസമയം, റഫാൽ വിമാനങ്ങളിൽ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ സംയോജിപ്പിക്കാനുള്ള വ്യവസ്ഥകൾ ഇന്ത്യ സൂക്ഷ്‌മമായി പരിശോധിക്കും. പ്രത്യേകിച്ച് 'അസ്‌ത്ര' ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലിന്റെ വിവിധ പതിപ്പുകൾ റഫാലിൽ സംയോജിപ്പിക്കാനുള്ള സാദ്ധ്യതയാണ് വിലയിരുത്തുക. കരാറിൽ എത്രത്തോളം തദ്ദേശീയ നിർമ്മാണത്തിന് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും പരിശോധിക്കും.
ഇന്ത്യൻ വ്യോമസേനയുടെ ശേഷി വർദ്ധിപ്പിക്കുകയാണ് ഈ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. പഴകിയ മിഗ് യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി സർവീസിൽനിന്ന് പിൻവലിക്കുന്നതും എൽസിഎ മാർക്ക്1 എ, വരാനിരിക്കുന്ന എൽസിഎ മാർക്ക്-2 എന്നിവ കൂട്ടിച്ചേർക്കാൻ ഉണ്ടായ കാലതാമസവും വ്യോമസേനയുടെ ശക്തിയെ ബാധിച്ചിട്ടുണ്ട്. 2012ലാണ് റഫാൽ യുദ്ധവിമാനങ്ങളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടത്. വർഷങ്ങൾക്ക് ശേഷം ഇവ ഇന്ത്യൻ വ്യോമസേനയുടെ പ്രധാന യുദ്ധവിമാനങ്ങളിലൊന്നായി മാറുകയായിരുന്നു. പുതിയ കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യയുടെ റഫാൽ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.
France has submitted a proposal to supply 114 Rafale fighter jets to India in a ₹3.25 lakh crore defence deal, with plans to manufacture 94 aircraft in India. The proposal is currently under review by the Ministry of Defence and the Indian Air Force.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |