
മയാമി: ലോകകപ്പ് ലൂസേഴ്സ് ഫൈനലിനെ ഗോളടി മേളത്തോടെ ഇംഗ്ളണ്ടും ഫ്രാൻസും ചരിത്രപുസ്തകത്തിൽ ചേർത്തു. കളിയിൽ നാലിനെതിരെ ആറു ഗോളുകൾക്ക് ഇംഗ്ളണ്ട് ഫ്രാൻസിനെ മറികടന്നു. ലോകകപ്പ് ചരിത്രത്തിലെ കൂടുതൽ ഗോൾ പിറന്ന മത്സരവും ഇതായിരുന്നു. മത്സരത്തിൽ ഇംഗ്ളണ്ടിന്റെ ബുക്കായോ സാക്ക ഹാട്രിക്ക് നേടിയപ്പോൾ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ രണ്ട് ഗോൾ നേടി. ലോകകപ്പിൽ കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ലയണൽ മെസിയുടെ 21 ഗോളുകളുടെ റെക്കാഡ്, 22 ഗോളോടെ എംബാപ്പെ മറികടക്കുകയും ചെയ്തു.
മൂന്നാം മിനിട്ടിൽ ഡെക്ളാൻ റൈസിലൂടെ സ്‌കോറിംഗ് തുടങ്ങിയ ഇംഗ്ളണ്ട് ആദ്യ പകുതിയിൽ 4-0ത്തിന് മുന്നിലെത്തി. 18-ാം മിനിട്ടിൽ റൈസിന്റെ പാസിൽ നിന്ന് എസ്രി കോൻസ ലീഡുയർത്തി. 37-ാം മിനിട്ടിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിലും സാക്കയും സ്‌കോർ ചെയ്‌തതോടെ ഫ്രാൻസ് വലിയ തോൽവി മണത്തു. എന്നാൽ ഇടവേളയ്ക്ക് ശേഷം ഫ്രാൻസ് തിരിച്ചടി തുടങ്ങി. 48-ാം മിനിട്ടിലും 64-ാം മിനിട്ടിലും കിലിയൻ എംബാപ്പെയും 54-ാം മിനിട്ടിൽ ബാർകോളയും സ്‌കോർ ചെയ്തതോടെ 4-3ലെത്തി. 87-ാം മിനിട്ടിൽ ഒരു പെനാൽറ്റിയിൽ നിന്ന് ഹാട്രിക് തികച്ച സാക്ക ഇംഗ്ളണ്ടിന്റെ ലീഡ് വീണ്ടുമുയർത്തി.
ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ ഡെംബലെ ഫ്രാൻസിന്റെ നാലാം ഗോളടിച്ചെങ്കിലും കളി തീർന്നില്ല. രണ്ട് മിനിട്ടികം ജൂഡ് ബെല്ലിംഗ്ഹാം ഫ്രഞ്ചുവലയിൽ ആറാം ഗോൾ കയറ്റി. ലോകകപ്പിൽ ജൂഡിന്റെ ഏഴാം ഗോൾ. ഇതോടെ ഒരു ലോകകപ്പിൽ കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ളീഷ് താരമായി ജൂഡ് മാറി. നായകൻ ഹാരി കേനിന് വിശ്രമം നൽകിയപ്പോൾ ഡെക്ളാൻ റൈസാണ് ഇംഗ്ളണ്ടിനെ നയിച്ചത്. ആദ്യ ഇലവനിൽ ബെല്ലിംഗ്ഹാമിനെയും ഇംഗ്ളണ്ട് കളിപ്പിച്ചിരുന്നില്ല. ഫ്രാൻസ് മൂന്ന് ഗോൾ തിരിച്ചടിച്ചപ്പോൾ 79-ാം മിനിട്ടിലാണ് എബരേച്ചി എസെയെ മാറ്റി ജൂഡിനെ ഇറക്കിയത്. മൂന്നാം തവണ ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ കളിച്ച ഇംഗ്ളണ്ട് ഇതാദ്യമായാണ് ജയിക്കുന്നത്.
മറികടന്നത് 1962ലെ റെക്കാഡ്
1962ൽ സോവിയറ്റ് യൂണിയനും കൊളംബിയയും തമ്മിൽ 4-4ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിന് ശേഷം ആദ്യമാണ് ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ടീമുകളും ചുരുങ്ങിയത് നാലുഗോളുകളെങ്കിലും നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |