മുംബയ്: മുടി വെട്ടാനായി കാത്തിരിക്കുന്നതിനിടെ കളിക്കാൻ പോയെന്നാരോപിച്ച് സർക്കാർ വിദ്യാലയത്തിലെ 82 വിദ്യാർത്ഥികളുടെ തല പാതി മൊട്ടയടിച്ചതായി പരാതി. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.
ശനിയാഴ്‌ച കുട്ടികളുടെ മുടിവെട്ടുന്നതിനായി സ്‌കൂൾ അധികൃതർ സൗകര്യമൊരുക്കിയിരുന്നു. ഇതിനിടെ ചില വിദ്യാർത്ഥികൾ കളിക്കാൻ പോയത് സ്‌കൂൾ സൂപ്രണ്ട് പ്രശാന്ത് മേശ്രാമിനെ പ്രകോപിപ്പിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് കുട്ടികളുടെ തലമുടി പാതി ഷേവ് ചെയ്‌തുകളയാനായി ഇയാൾ ബാർബർക്ക് നിർദേശം നൽകുകയായിരുന്നു. കുട്ടികളുടെ ചിത്രങ്ങൾ പുറത്തായതോടെ വിവരമറിഞ്ഞ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മുടി വൃത്തിയായി വെട്ടിയൊതുക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകി.
ഇതുപ്രകാരം ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മുടിവെട്ടൽ ഞായറാഴ്‌ച പുലർച്ചെ നാല് മണിവരെ നീണ്ടുനിന്നെന്നാണ് വിവരം. ഇതിനായി പല വിദ്യാർത്ഥികൾക്കും ഉറക്കം നഷ്‌ടപ്പെടുത്തേണ്ടിവന്നതായാണ് പരാതി.
സംഭവത്തിൽ സ്‌കൂൾ സൂപ്രണ്ടിന് പ്രിൻസിപ്പൽ പ്രശാന്ത് ഗിരി കാരണം കാണിക്കൽ നോട്ടീസ് നൽകി. വിദ്യാർത്ഥികളുടെ താൽപര്യം മുൻനിർത്തിയാണ് മുടിവെട്ടാൻ തീരുമാനിച്ചതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. മഴ കാരണം വിദ്യാർത്ഥികൾക്ക് കുറച്ചുകാലമായി മുടിവെട്ടാൻ കഴിഞ്ഞിരുന്നില്ലെന്നും ചിലർ വ്യക്തിശുചിത്വം പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി പ്രശ്‌നം അവസാനിപ്പിക്കാമെന്ന് കരുതേണ്ടെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
82 students at a government ashram school in Maharashtra’s Chandrapur were allegedly half-shaved as punishment for playing while waiting for haircuts. Parents protested, and the superintendent received a show-cause notice.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |