SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.46 PM IST

കാലാവധി തീർന്നില്ല; ടാറ്റ സൺസ് ചെയർമാൻ ചന്ദ്രശേഖരൻ പടിയിറങ്ങുന്നു, എയർ ഇന്ത്യ 'തിരിച്ചടിച്ചോ'?

n-chandrasekaran
ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാൻ എൻ ചന്ദ്രശേഖരൻ

ന്യൂഡൽഹി: ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാൻ എൻ ചന്ദ്രശേഖരൻ (നടരാജൻചന്ദ്രശേഖരൻ) സ്ഥാനമൊഴിഞ്ഞു. ഈ മാസം 18ന് നടക്കാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ രാജി. നിലവിലെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കാനിക്കാനിരിക്കെ പുനർനിയമനം തേടില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു.

ടാറ്റ ഗ്രൂപ്പിൽ 40 വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ശേഷമാണ് ചന്ദ്രശേഖരൻ പടിയിറങ്ങുന്നത്. കഴിഞ്ഞ പത്ത് വർഷമായി ടാറ്റ സൺസിനെ നയിച്ച അദ്ദേഹം തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതിനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-26 സാമ്പത്തിക വർഷത്തിൽ എൻ ചന്ദ്രശേഖരന് ലഭിച്ച ആകെ പ്രതിഫലം 158.6 കോടി രൂപയാണ്. ടാറ്റ സൺസ് ഡയറക്ടർമാരുടെ പ്രതിഫലം സാമ്പത്തിക രേഖകളിൽ വെളിപ്പെടുത്തിത്തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക പ്രതിഫലമാണിത്.

അടുത്ത വർഷം ഫെബ്രുവരിക്ക് ശേഷം അഞ്ച് വർഷത്തേക്ക് കൂടി ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കാനുള്ള നിർദേശം ടാറ്റാ ഗ്രൂപ്പിന്റെ ട്രസ്റ്റുകൾ ഏകകണ്ഠമായി അംഗീകരിച്ച് ശുപാർശ ചെയ്തിരുന്നു. ഈ നിർദേശം ടാറ്റാ സൺസിന്റെ നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി പരിഗണിച്ചപ്പോൾ ഒരംഗം ഈ നിർദേശത്തെ അംഗീകരിച്ചില്ല. ടാറ്റാ സൺസുമായുള്ള അധികാര തർക്കം നിലനിൽക്കുന്നതിനിടയിലാണ് എൻ ചന്ദ്രശേഖരന്റെ നിർണായക തീരുമാനം പുറത്തുവരുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ അടക്കമുള്ള ബിസിനസുകളുടെ മോശം പ്രകടനവും രാജിയിലേക്ക് നയിച്ചതായാണ് വിലയിരുത്തൽ.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്, ഡയറക്ടർ ബോർഡിലെ നിയമനങ്ങൾ, എൻ ചന്ദ്രശേഖരന്റെ പുനർനിയമനം തുടങ്ങിയവ സംബന്ധിച്ച് നേരത്തേതന്നെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇത്തരം കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങൾ നിരവധി തവണ പരാജയപ്പെടുകയും ചെയ്തു. ചന്ദ്ര എന്ന വിളിപ്പേരിലറിയപ്പെടുന്ന എൻ ചന്ദ്രശേഖരൻ സ്ഥാനമൊഴിയുമ്പോൾ പകരക്കാരൻ ആരാകുമെന്ന ചർച്ച സജീവമാവുകയാണ്.

English Summary

N. Chandrasekaran has resigned as Executive Chairman of Tata Sons, ahead of the company's AGM. His decision, after 40 years with the group, confirms he won't seek reappointment when his term ends in February 2027. The move reportedly follows internal power disputes within Tata Sons and concerns over the performance of some businesses.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N CHANDRASEKARAN, TATA SONS CHAIRMAN, AIR INDIA PERFORMANCE, TATA GROUP, AIR INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360