
ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം നാലായി വിഭജിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയിൽ. പൂർവാഞ്ചൽ, മദ്ധ്യാഞ്ചൽ, ബുന്ദേൽഖണ്ഡ്, ഹരിത് പ്രദേശ് എന്നിങ്ങനെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന യു.പി മന്ത്രിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) നേതാവുമായ ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്‌താവനയാണ് ചർച്ചയ്‌ക്ക് തുടക്കമിട്ടത്.
ജാതി സെൻസസ് പൂർത്തിയാക്കിയശേഷം ഉത്തർപ്രദേശ് വിഭജനം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്നാണ് ഓം പ്രകാശിന്റെ അവകാശവാദം. വിഭജനം നടന്നാൽ താൻ പ്രതിനിധീകരിക്കുന്ന രാജ്ഭർ സമുദായത്തിൽ നിന്നുള്ള നേതാവ് ആദ്യ മുഖ്യമന്ത്രിയാകുമെന്നും ഒരു പൊതുയോഗത്തിൽ പറഞ്ഞു. പൂർവാഞ്ചൽ മേഖലയിലെ പ്രധാന ഒ.ബി.സി സമുദായമാണ് രാജ്‌ഭർ.
2011ന് ശേഷം വീണ്ടും
എൻ.ഡി.എയിലെ ഘടകകക്ഷിയായ എസ്.ബി.എസ്.പിയുടെ നേതാവിന്റ പ്രസ്‌താവന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിർണായക ചർച്ചയായി മാറി. 2011ൽ മായാവതി സർക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള പ്രമേയം നിയമസഭ പാസാക്കിയെങ്കിലും കേന്ദ്രം അനുവദിച്ചില്ല. കോൺഗ്രസ്, ബി.ജെ.പി, സമാജ്‌വാദി പാർട്ടികൾ അന്ന് നിർദ്ദേശത്തെ അനുകൂലിച്ചില്ല.
1950കളിൽ ഇന്ത്യയുടെ ആഭ്യന്തര ഭൂപടത്തിന്റെ പുനർനിർമ്മാണ സമയം മുതൽ നാലു മേഖലകളുടെ വാദം ചർച്ചയാണ്. 1955ലെ സംസ്ഥാന പുനഃസംഘടന കമ്മിഷന് പടിഞ്ഞാറൻ യു.പിയിലെ നിയമസഭാംഗങ്ങൾ വിഭജിക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു. 16 പടിഞ്ഞാറൻ ജില്ലകളിൽ നിന്നുള്ള 97 എം.എൽ.എമാർ തുടക്കത്തിൽ പിന്തുണച്ചെങ്കിലും 70 പേർ പിന്നീട് പിൻവലിഞ്ഞു. കമ്മിഷൻ ഒടുവിൽ വിഭജന നിർദ്ദേശം നിരസിച്ചു. മീററ്റ്, ആഗ്ര, രോഹിൽഖണ്ഡ് മേഖലകളെ ഉൾപ്പെടുത്തി പടിഞ്ഞാറൻ മേഖലയെ വിഭജിക്കണമെന്ന് കമ്മിഷൻ അംഗം കെ.എം. പണിക്കർ വിയോജനക്കുറിപ്പ് നൽകിയിരുന്നു.
തീരുമാനം പാർലമെന്റിൽ
ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം, ഒരു പുതിയ സംസ്ഥാനം സൃഷ്ടിക്കാനുള്ള അധികാരം പാർലമെന്റിനാണ്. ഒരു സംസ്ഥാനത്തിന്റെ വിസ്തൃതിയെയോ അതിർത്തികളെയോ സംബന്ധിച്ച ബിൽ രാഷ്ട്രപതിയുടെ ശുപാർശ പ്രകാരം അവതരിപ്പിക്കുകയും ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അഭിപ്രായങ്ങൾക്കായി റഫർ ചെയ്യുകയും വേണം. നിയമസഭയ്ക്ക് പാർലമെന്റിന്റെ തീരുമാനം തള്ളാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |