ബംഗളൂരു: കന്നഡക്കാരെ മനഃപ്പൂർവ്വം ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നതായി കണ്ടെത്തിയാൽ സ്വകാര്യകമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിൽ കന്നഡക്കാർക്കാണ് പരമാധികാരം എന്ന പരാമർശത്തോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബംഗളൂരുവിലെ ഐ.ടി കമ്പനികളിൽ ഭാഷയുടെ പേരിൽ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് യുവതി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കന്നഡക്കാരെ ബോധപൂർവം തഴഞ്ഞുകൊണ്ട് ഏതെങ്കിലും സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കന്നഡക്കാരുടെ അവകാശങ്ങളും അന്തസ്സും തൊഴിൽ അവസരങ്ങളും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കന്നഡ മാതൃഭാഷയാണെന്ന് അപേക്ഷയിൽ രേഖപ്പെടുത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖ ഘട്ടത്തിലോ അതിനു മുമ്പ് ഷോട്ട്ലിസ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തിലോ ഒഴിവാക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. പകരം തെലുങ്ക്, തമിഴ് ഭാഷകൾ സംസാരിക്കുന്നവർക്ക് കമ്പനികൾ മുൻഗണന നൽകുന്നുവെന്നും തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്നുവെന്നും വൈറലായ വീഡിയോയിൽ യുവതി ആരോപിച്ചു.
ബംഗളൂരുവിലെ കോളേജുകളിൽ ക്യാമ്പസ് അഭിമുഖങ്ങൾ പോലും നടക്കുന്നില്ലെന്നും യുവതി അവകാശപ്പെട്ടു. പ്രശ്നത്തിൽ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് യുവതി അഭ്യർഥിച്ചു. അതേസമയം യുവതി ഉന്നയിച്ച ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. എക്സിൽ വീഡിയോ പങ്കിട്ട കന്നഡ ആക്ടിവിസ്റ്റായ രൂപേഷ് രാജണ്ണ, ഇത്തരം രീതികൾ വളരെക്കാലമായി തുടരുകയാണെന്നും, വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മതിയായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചു.
സ്വകാര്യ മേഖലയിലെ ജോലികളിൽ തദ്ദേശീയർക്ക് സംവരണം നിർബന്ധമാക്കുന്ന കരട് ബില്ലിന് 2024ൽ അന്നത്തെ സിദ്ധരാമയ്യ സർക്കാർ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ വ്യവസായ സംഘടനകളിൽ നിന്നുള്ള എതിർപ്പിനെത്തുടർന്ന് ബിൽ നടപ്പാക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
Karnataka Chief Minister D.K. Shivakumar warned Bengaluru's private companies of action if Kannada speakers are deliberately excluded from jobs. This statement followed a viral video alleging discrimination in IT firms, favoring non-Kannada speakers for employment. The CM reiterated Kannadigas' supremacy, asserting the government's commitment to protecting their job opportunities and rights in the state.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |